കല്ലമ്പലം : ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് ഇരുചക്ര വാഹനാപകടത്തിൽ മധ്യവയസ്കൻ മരണപ്പെട്ടു.
കടമ്പാട്ടുകോണത്തിന് സമീപം മുക്കടയിൽ കഴിഞ്ഞ രാത്രി 12 മണിയോടെ ഉണ്ടായ വാഹന അപകടത്തിൽ കടമ്പാട്ടുകോണം ഇലങ്കം സാഗർ നിവാസിൽ മണികണ്ഠക്കുറുപ്പ് (60 ) മരണപ്പെട്ടത് .
കൊട്ടിയത്തുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ വരവേ മുക്കടയിൽ ദേശീയപാത പണി നടക്കുന്ന സ്ഥലത്തെ ഡിവൈഡറിൽ തട്ടി മറിഞ്ഞു വീഴുകയും പിറകെ വന്ന ഒരു കാർ ഇടിക്കുകയുമായിരുന്നു. കാവൽ ജോലിയിൽ ഉണ്ടായിരുന്ന ദേശീയപാത ജീവനക്കാരൻ മണികണ്ഠ കുറുപ്പിനെ ഉടൻ ലഭിച്ച ഓട്ടോയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദേശീയപാതയിൽ ഇതേ സ്ഥലത്ത് ഒരാഴ്ച മുമ്പും ഇതുപോലെ അപകടം ഉണ്ടായി . ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ ടാർ റോഡിലും കുറുകെയുമായി പണി നടക്കുന്നതിനാൽ ഒറ്റ വരിയായി വശങ്ങളിൽ കൂടി വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി റോഡിൽ ഡിവൈഡറുകളും കുറുകെ അടച്ചു കെട്ടലുകളും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ മതിയായ വെളിച്ചമോ സിഗ്നൽ സംവിധാനമോ ഒരുക്കാത്തതാണ് അപകടത്തിന് കാരണമാകുന്നതായി യാത്രക്കാർ പറയുന്നു. മണികണ്ഠക്കുറുപ്പിൻ്റെ ഭാര്യ സിന്ധു. മക്കൾ വിദ്യാസാഗർ, സച്ചിൻ, ജീവൻ
മരുമക്കൾ ദേവിക, ഷെറിൻ
സഞ്ചയനം ശനി രാവിലെ 8 ന്