Search
Close this search box.

ശിശു പരിപാലനത്തിന് ‘ലിറ്റിൽ വണ്ടർലാൻഡ്’ ഒരുക്കി നെടുമങ്ങാട് നഗരസഭ

IMG-20231109-WA0044

വനിത ശിശുവികസന വകുപ്പിന്റെ തൊഴിലിടങ്ങളിലെ ശിശുപരിപാലനകേന്ദ്രം പദ്ധതിയുടെ ഭാഗമായി, നെടുമങ്ങാട് നഗരസഭയുടെ കീഴിൽ പകൽ പരിപാലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ലിറ്റിൽ വണ്ടർലാൻഡ് എന്ന് പേരിട്ടിരിക്കുന്ന ക്രഷ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. മൂന്ന് വയസിനു താഴെയുള്ള കുട്ടികൾക്കാണ് പ്രവേശനം.

ഉയർന്ന തുക ഫീസായി നൽകി കുഞ്ഞുങ്ങളെ ഡേ കെയർ സ്ഥാപനങ്ങളിലാക്കാൻ കഴിയാത്ത തൊഴിൽ ചെയ്യുന്ന അമ്മമാർക്ക് വേണ്ടിയാണ് ക്രഷ് എന്ന ആശയം നിലകൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളുടെ പരിപാലനത്തിനൊപ്പം, അമ്മമാർക്ക് സമാധാനമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യവും ക്രഷിലൂടെ ഒരുക്കുന്നു. ഇത്തരം ക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാരിനെ ജനകീയമാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

ലിറ്റിൽ വണ്ടർലാൻഡ് പ്രവർത്തിക്കുന്നത് നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ കെട്ടിടത്തിലാണ്. ശിശു വികസന വകുപ്പ് നൽകിയ രണ്ട് ലക്ഷം രൂപ ഉൾപ്പെടെ എട്ട് ലക്ഷത്തോളം രൂപയാണ് ലിറ്റിൽ വണ്ടർലാൻഡിനായി ചെലവായത്.

ശിശുസൗഹൃദ ഫർണിച്ചറുകൾ, തൊട്ടിൽ,കളിപ്പാട്ടങ്ങൾ, ബേബി മോണിറ്ററിങ് ഉപകരണങ്ങൾ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഗ്യാസ് സ്റ്റൗ, പാചക പാത്രങ്ങൾ, മെത്തകൾ, , ബെഡ്ഷീറ്റുകൾ, പായകൾ, ശുചീകരണ ഉപകരണങ്ങൾ, ശിശു സൗഹൃദ ടോയ്ലറ്റ്, വിനോദത്തിനും വിശ്രമത്തിനും പ്രത്യേകിച്ച് ഇടങ്ങൾ എന്നിവ ലിറ്റിൽ വണ്ടർലാൻഡിനായി സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് വനിതകൾ കുട്ടികളുടെ പരിപാലനത്തിനായുമുണ്ട്. 500 രൂപയാണ് ഫീസ്. രജിസ്ട്രേഷൻ തുടങ്ങി.

തിരുവനന്തപുരം ജില്ലയിലെ എട്ടാമത്തെ ക്രഷ് ആണ് നെടുമങ്ങാട് നഗരസഭയ്ക്ക് കീഴിൽ പ്രവർത്തനമാരംഭിച്ചത്.

നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, വാർഡ് കൗൺസിലർ സിന്ധു കൃഷ്ണകുമാർ, വനിത ശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സോഫി, ജില്ലാ വനിതാ ശിശു വികസന ഓഫീസർ തസ്നിം, നെടുമങ്ങാട് ശിശു വികസന ഓഫീസർ ജെഷിത. ഇ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവരും സന്നിഹിതരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!