കുടിവെള്ള ക്ഷാമത്തിന് ശാശ്വതപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പെരുമാതുറയിൽ റോഡ് ഉപരോധം. പെരുമാതുറ – അഞ്ചുതെങ്ങ് തീരദേശ റോഡാണ് നാട്ടുകാരുടെ നേതൃത്വത്തിൽ ഉപരോധിച്ചത്.
അഴൂർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡിൽ (കൊട്ടാരം തുരുത്തിൽ) കഴിഞ്ഞ ഒരു വർഷക്കാലമായി കുടിവെള്ളക്ഷാമം രൂക്ഷമായതോടെയാണ് നാട്ടുകാർ റോഡ് ഉപരോധവുയുമായി രംഗത്ത് വന്നത്. രാവിലെ 9 മണിയോടെ സ്ത്രികളും കുട്ടികളുമടക്കം നൂറ് കണക്കിന് നാട്ടുകാരാണ് കാലികുടങ്ങളുമായി റോഡിൽ കുത്തിയിരുന്ന് ഉപരോധ സമരത്തിൽ പങ്കെടുത്തത്.
റോഡ് ഉപരോധിച്ചതോടെ സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ വഴിയിൽ കുടുങ്ങി. കഠിനംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ ഡ്രസ്സിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ തടഞ്ഞതോടെ പോലീസും നാട്ടുകാരും തമ്മിൽ ചെറിയതോതിൽ വാക്കേറ്റത്തിന് കാരണമായി. തുടർന്ന്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചകൾക്ക് ശേഷം 12 മണിയോടെ ഉപരോധം അവസാനിപ്പിച്ചു.
കൊട്ടാരം തുരുത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളമുള്ള മറ്റ് പ്രദേശത്ത് നിന്ന് വെള്ളിയാഴ്ചയോടെ താൽകാലികമായി കണക്ഷൻ വലിക്കാമെന്നും വീടുകളിൽ സ്ഥാപിച്ച പൈപ്പുകളിൽ മൂന്ന് മാസത്തിനുള്ളിൽ വെള്ളം എത്തിക്കാമെന്നും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ഗതാഗത തടസ്സം സൃഷ്ടിച്ചതിനെതിരെ കണ്ടാൽ അറിയുന്ന അൻപതോളം പേർക്കെതിരെ കഠിനംകുളം പോലീസ് കേസെടുത്തു.