നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ പുതുതായി നിർമിക്കുന്ന 13 ക്ലാസ് മുറികളുടെ നിർമാണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കുള്ള പുസ്തകങ്ങളും മന്ത്രി വിതരണം ചെയ്തു. കേരളം മുൻപെങ്ങും സാക്ഷ്യം വഹിക്കാത്ത തരം ഇടപെടലുകളാണ് വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. എൽ.പി, യു.പി, ഹയർ സെക്കൻഡറി വിദ്യാലയങ്ങളുള്ള നെടുമങ്ങാട് നഗര പ്രദേശം ഒരു വിദ്യാഭ്യാസ ഹബ്ബായി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തിയാണ് പുതിയ ക്ലാസ് മുറികൾ നിർമിക്കുന്നത്. രണ്ട് കോടി രൂപയാണ് നിർമാണചെലവിനായി വകയിരുത്തിയിരിക്കുന്നത്.
നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ 30 വിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്കുള്ള പുസ്തക വിതരണവും ചടങ്ങിൽ നടന്നു. എം.എൽ.എ -എസ്.ഡി.എഫ് ഫണ്ടിൽ നിന്നും 5,50,000 രൂപ ചെലവഴിച്ചാണ് സ്കൂളുകൾക്ക് പുസ്തകങ്ങൾ വാങ്ങിയത്.
നഗരസഭാ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി, കൗൺസിലർമാർ, സ്കൂൾ പ്രിൻസിപ്പാൾ നീതാ നായർ, പി.ടി.എ പ്രസിഡന്റ് പി. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.