കേരളത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം പൂര്‍ണമായി നൽകി : കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ

IMG-20231125-WA0019

വായ്പാ വ്യാപന മേളയില്‍ 6015 കോടി രൂപയുടെ ധനസഹായം കേന്ദ്ര ധനകാര്യമന്ത്രി വിതരണം ചെയ്തു

കേരളത്തിന് അർഹതപ്പെട്ട കേന്ദ്ര വിഹിതം പൂര്‍ണമായി നല്‍കിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ വിവിധ വായ്പാ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി സംഘടിപ്പിച്ച വായ്പാ വ്യാപന മേളയിൽ 6014.92 കോടി രൂപയുടെ ധനസഹായം ആറ്റിങ്ങലിൽ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പദ്ധതി, യു ജി സി ശമ്പള പരിഷ്‌ക്കരണം, അടിസ്ഥാന സൗകര്യ വികസനത്തിനായുളള മൂലധന നിക്ഷേപ സഹായം, ആരോഗ്യ ഗ്രാന്റ്, ദേശീയ ഭക്ഷ്യ സുരക്ഷ, ജി എസ് ടി നഷ്ടപരിഹാരം തുടങ്ങിയ മേഖലകളിൽ കേരളത്തിന് അർഹതപ്പെട്ട വിഹിതം പൂര്‍ണമായും കേന്ദ്രം കൈമാറിയെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു

കഴിഞ്ഞ 9 വര്‍ഷത്തിനിടെ കേന്ദ്ര ധനകാര്യ കമ്മിഷന്‍ വഴി കേരളത്തിന് മാത്രമായി 78000 കോടിയിലേറെ രൂപയാണ് അനുവദിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നടപടികൾക്ക് ഊന്നൽ നൽകിക്കൊണ്ട് അഴിമതിരഹിതമായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനങ്ങള്‍ക്ക് സമയബന്ധിതമായി കേന്ദ്ര സഹായം നേരിട്ട് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ദേശീയ വ്യാപകമായി കഴിഞ്ഞ അഞ്ചു തവണകളായി സംഘടിപ്പിച്ച വായ്പാ വ്യാപന മേളയില്‍ ഏറ്റവുമധികം തുക വിതരണം ചെയ്ത മേളയാണ് തിരുവനന്തപുരത്ത് നടന്നതെന്ന് ചടങ്ങില്‍ വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ചെറുകിട വായ്പയായി തിരുവനന്തപുരത്ത് മാത്രം 995 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. തിരുവനന്തപുരത്തിന്റെ സാമ്പത്തിക മേഖലയുടെ ഉണര്‍വിനും ഉത്തേജനത്തിനും വായ്പാ വ്യാപന മേള സഹായകരമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മുദ്ര, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, പി എം സ്വനിധി, പി എം ഇ ജി പി തുടങ്ങി വിവിധ കേന്ദ്ര പദ്ധതികളിലായി രജിസ്റ്റര്‍ ചെയ്ത 1,52,704 ഗുണഭോക്തൃ അക്കൗണ്ടുകള്‍ വഴിയാണ് സഹായധനം വിതരണം ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ധനസഹായത്തിനുള്ള ചെക്കും കേന്ദ്ര ധനകാര്യമന്ത്രി കൈമാറി. നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിന് കീഴില്‍ 56.16 കോടി രൂപയുടെ അനുമതി പത്രങ്ങളും സിഡ്ബി ഇടപെടല്‍ വഴി വിവിധ സ്ഥാപനങ്ങള്‍ക്ക് 3.32 കോടി രൂപയുടെ അനുമതി പത്രങ്ങളും ചടങ്ങില്‍ കൈമാറി. എസ് ബി ഐയുടെ ക്യാഷ് വാനും എ ടി എം വാനും ഫ്ളാഗ് ഓഫ് ചെയ്തു.

തിരുവനന്തപുരം ജില്ലാ ലീഡ് ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും എസ് എല്‍ ബി സി കണ്‍വീനര്‍ കാനറ ബാങ്കും സംയുക്തമായാണ് വായ്പാ വ്യാപന മേളയുടെ ആറാമത് പതിപ്പ് സംഘടിപ്പിച്ചത്. കേന്ദ്ര ധനകാര്യ സേവനവിഭാഗം സെക്രട്ടറി ഡോ. വിവേക് ജോഷി, കാനറാ ബാങ്ക് എം ഡി സത്യനാരായണ രാജു, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എം ഡി അജയകുമാര്‍ ശ്രീവാസ്തവ, നബാര്‍ഡ് ചെയര്‍മാന്‍ കെ വി ഷാജി, സിഡ്ബി ചെയര്‍മാന്‍ ശിവസുബ്രമണ്യം രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ജില്ലയിലെ പൊതുമേഖലാ ബാങ്ക്, സ്വകാര്യ ബാങ്ക്, നബാര്‍ഡ്, ആര്‍ ആര്‍ ബി, സിഡ്ബി പ്രതിനിധികളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!