ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ബി.ജെ.പി യുടെ ജനസഭാ യോഗത്തിൽ മൈക്ക് പ്രവർത്തിപ്പിക്കുന്നതിനെ ചൊല്ലി പ്രതിഷേധ പ്രകടനവും, സംഘർഷവും. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനു സമീപം ഡയറ്റ് സ്കൂളിനു മുൻ വശത്താണ് ബി.ജെ പി യുടെ ജനസഭയുടെ സമ്മേളനം സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയിൽ ഭരണപക്ഷത്തിനുo, പൊലീസിനുമെതിരെ സുരേഷ് നടത്തിക്കൊണ്ടിരുന്ന പ്രസംഗം കേട്ട് സമീപത്ത യോഗ സ്ഥലത്ത് നിന്ന് എത്തിയ ഡി.വൈ.എഫ് ഐക്കാർ മൈക്ക് ഓഫ് ചെയ്യണമെന്നാവശ്യപ്പെട്ട് സമ്മേളന സ്ഥലത്തെയ്ക്ക് പ്രകടനമായി എത്തുന്നതിനിടെ പൊലീസ് ഇവരെ തടയുകയും ചെയ്തു. തുടർന്ന് രാത്രി 7 മണി വരെ മാത്രമേ മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളൂ എന്ന് പറഞ്ഞ് സുരേഷ് സംസാരിച്ചു കൊണ്ടിരിക്കെ രണ്ട് തവണ മൈക്ക് പൊലീസ് ഓഫ് ചെയ്യുകയായിരുന്നു. ഇത് സംഘർഷത്തിന് കാരണമായി. ഇതിനെ ബി.ജെ പി പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം വീണ്ടും രൂക്ഷമായി. തുടർന്ന് യോഗം അവസാനിപ്പിക്കുകയായിരുന്നു. തലേ ദിവസവും സ്റ്റേജിനെ ചൊല്ലി ബി.ജെ.പി ഡി.വൈ.എഫ്.ഐ സംഘർഷം ഉണ്ടാവുകയും ബി.ജെ.പി ക്കാർ രാത്രി വൈകി പൊലീസ്റ്റേഷൻ ഉപരോധം നടത്തുകയും ചെയ്തു. തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഇരു വിഭാഗവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ബി.ജെ.പിയ്ക്ക്. ഡയറ്റിന് മുൻ വശത്തും, ഡി.വൈ.എഫ്.ഐ.ക്കാർക്ക് ഡയറ്റിനു പിന്നിലെ റോഡിലും സമ്മേളനം നടത്താൻ അനുമതി നൽകിയിരുന്നു.