മംഗലപുരം: ഇടവിളാകം യു.പി.സ്കൂളിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മന്ദിര നിർമാണത്തിനൊരുങ്ങി സ്കൂൾ പി.ടി.എ. എഴുപത്തിഅഞ്ചാം വാർഷികം ആഘോഷിക്കുന്ന ഇടവിളാകം സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പി.ടി.എ. പതിനഞ്ച് ലക്ഷം രൂപ ചെലവിൽ ലാബ്, ലൈബ്രറി പ്രവർത്തനങ്ങൾക്കായി മന്ദിരം നിർമിക്കുന്നത്. ഇതിനായി സമ്മാന പദ്ധതി രൂപീകരിച്ചും , പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ നിന്നും ഫണ്ട് ശേഖരിക്കും. ഇതിന്റെ പ്രവർത്തനോദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡന്റ് എ.ബിനു, വൈസ് പ്രസിഡന്റ് പി.ഷാജി, എസ് .എം .സി ചെയർമാൻ ഈ .എ .സലാം പ്രഥമാധ്യാപിക എൽ. ലീന , പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു. ഇതോടൊപ്പം കുട്ടികളുടെ സുരക്ഷ എന്ന വിഷയത്തിൽ രക്ഷാകർത്താക്കൾക്കായി പഠന ക്ലാസ്സും സംഘടിപ്പിച്ചു.