സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അഞ്ച് പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ അംഗം എ. സൈഫുദ്ദീന്‍ ഹാജിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 14 പരാതികള്‍ പരിഗണിച്ചു. തദ്ദേശ സ്ഥാപന അധികൃതരെ സമീപിച്ച് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ലൈസന്‍സിന് അപേക്ഷിച്ച് 11 മാസമായിട്ടും ലഭിച്ചില്ലെന്ന വളാഞ്ചേരി സ്വദേശിയുടെ പരാതി കമ്മിഷന്‍ തീര്‍പ്പാക്കി. 15 ദിവസംകൊണ്ട് നിയമാനുസൃതം നല്‍കേണ്ട ലൈസന്‍സ് അനുവദിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കാവുന്ന ലൈസന്‍സ് 11 മാസം വൈകിച്ചത് ശരിയായ നടപടിയല്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.
മലപ്പുറം ചീനിത്തോട് സ്വദേശിയുടെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനും കമ്മിഷന്‍ പരിഹാരം കണ്ടു. സ്വകാര്യ വ്യക്തിയുടെ പ്രവര്‍ത്തനം കാരണം സംഭവിച്ച വെള്ളക്കെട്ട് വിഷയത്തില്‍ പരാതി ന്യായമാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് തന്നെ ബോധ്യപ്പെട്ട സാഹചര്യത്തില്‍ വെള്ളക്കെട്ടിന് ഇടയാകാതെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള നടപടി എടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യവസായത്തിനായി ഭീമമായ തുക നല്‍കി സ്ഥാപിച്ച മെഷിനറി നിലവാരമില്ലാത്തതിനാല്‍ കബളിപ്പിക്കപ്പെട്ടതായി അറിയിച്ച് അരീക്കോട് ഇരിവേറ്റി സ്വദേശി നല്‍കിയ പരാതിയില്‍ ഇന്ന് തന്നെ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് കമ്മിഷന്‍ അരീക്കോട് പൊലിസിന് നിര്‍ദേശം നല്‍കി.
തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ പ്രതി നല്‍കിയ പരാതിയില്‍ നിരന്തരം പരാതി അറിയിക്കുന്ന വ്യക്തിയാണ് പ്രതിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നും നാട്ടിലുള്ള നിയമത്തിന് നിരക്കാത്ത പ്രശ്‌നങ്ങള്‍ പരാതിക്കാരന് ഉണ്ടാകരുതെന്ന് നിര്‍ദേശിച്ച് പരാതി തീര്‍പ്പാക്കി. മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുന്ന ഒതല്ലൂര്‍ സ്വദേശി ഭാര്യ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ പരാതിക്കാരന്റെ സഹോദരനും ബന്ധുക്കള്‍ക്കും സംരക്ഷിക്കാന്‍ അസൗകര്യമുണ്ടെങ്കില്‍ സാമൂഹിക നീതി ഓഫിസര്‍ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് പുനരധിവാസം നടപ്പാക്കാന്‍ ആവശ്യമായ തീരുമാനം കൈകൊള്ളാന്‍ നിര്‍ദേശം നല്‍കി പരാതി തീര്‍പ്പാക്കി. 20 വര്‍ഷം മുന്നേതന്നെ പരാതിക്കാരന്റെ ഭാര്യ ഇയാളുമായുള്ള ബന്ധം ഒഴിവാക്കി കുട്ടികളുമായി കഴിയുകയാണെന്ന ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഓമാനൂര്‍ ജി.വി.എച്ച്.എസ്.എസുമായി ബന്ധപ്പെട്ട ഒരുവ്യക്തി നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നും സ്‌കൂള്‍ നല്ലനിലയിലാണ് മുന്നോട്ട് പോകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതരില്‍നിന്ന് അറിയാന്‍ കഴിഞ്ഞതായും കമ്മിഷന്‍ അറിയിച്ചു. ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് 2 റൊട്ടേഷന്‍ ടേണ്‍ അവസരം നഷ്ടപ്പെടുമെന്ന് കേരള മുസ് ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി നല്‍കിയ പരാതിയില്‍ പൊതുഭരണ, ന്യൂനപക്ഷ വകുപ്പിലേക്കും സാമൂഹ്യനീതി സെക്രട്ടറിയോടും പി.എസ്.സി സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടി. തുടര്‍ നടപടി റിപ്പോര്‍ട്ട് കിട്ടിയശേഷം എടുക്കും.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ കോഴിക്കോട് ജില്ലാതല സിറ്റിംഗിൽ ഒരു പരാതി തീർപ്പാക്കി. ന്യൂനപക്ഷ കമ്മീഷൻ മെമ്പർ എ സൈഫുദ്ദീൻ സിറ്റിംഗിൽ പങ്കെടുത്ത് പരാതികൾ പരിഗണിച്ചു. 4 പരാതി പരിഗണിക്കുകയും പുതുതായി 2 പരാതികൾ സ്വീകരിക്കുകയും ചെയ്തു.
തലമുറകളായി കൈവശം വെച്ചനുഭവിക്കുന്ന ഭൂമിക്ക് കരമടയ്ക്കാൻ സാധിക്കുന്നില്ല എന്ന് വടകര സ്വദേശി നൽകിയ പരാതിയിൽ മറ്റാർക്കും വസ്തുവിൽ അവകാശം ഉന്നയിക്കാത്തതിനാലും പൂർണമായി ഈ വസ്തുവിന്റെ അവകാശികൾ ഇവർ തന്നെയെന്ന് ഉദ്യേഗസ്ഥൻ സമ്മതിച്ചതിനാലും എത്രയും വേഗം കൈവശ ഭൂമിക്ക് കരം തീർത്ത് രേഖകൾ നൽകണമെന്ന് കമ്മീഷൻ കലക്ടർക്ക് നിർദ്ദേശം നൽകി.