50 ഏക്കർ തരിശു നിലം കൃഷിയോഗ്യമാക്കി കഴിഞ്ഞ കൃഷിക്കാലത്ത് മികച്ച വിളവ് സൃഷ്ടിക്കുകയും വയൽ നടുവിലെ ഏറുമാടം വിനോദ സഞ്ചാരികൾക്ക് തുറന്നുകൊടുത്ത് ടൂറിസം സാധ്യതകൾ ഒരുക്കുകയും ചെയ്ത പിരപ്പമൺ കാട് പാടശേഖരത്തിൽ രണ്ടാം വിള കൃഷിയും ശക്തമായ മുന്നേറ്റം കുറിക്കുകയാണ്.
തരിശായി കിടന്ന് 7 ഏക്കർ പ്രദേശം കൂടി കൃഷിയോഗ്യമാക്കി ഞാറ് നട്ടു കൊണ്ട് ചരിത്രം കുറിക്കുകയാണ്.
ജനകീയ മുന്നേറ്റം എന്ന നിലയിൽ സമീപത്തെ വിദ്യാലയങ്ങൾ ,ക്ഷേത്ര കമ്മിറ്റികൾ, പള്ളികമ്മിറ്റി , സാംസ്കാരിക കൂട്ടായ്മകൾ, വായനശാല, കുടുംബശ്രീ യൂണിറ്റുകൾ എന്നിങ്ങനെ 20 കൂട്ടായ്മകളാണ് , വ്യക്തികൾക്ക് പുറമെ ഈ പാടശേഖരത്തിൽ ഇത്തവണ കൃഷി ഇറക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉദ്ഘാടനം ചെയ്ത രണ്ടാം കൃഷിയുടെ ഞാറ് നടീൽ അവസാനിക്കുന്നതിന്റെ ഭാഗമായി ഈ പാടശേഖരത്തിൽ കൃഷിക്ക് ഇറങ്ങിയ മുഴുവൻ കർഷക തൊഴിലാളികൾക്കും പോയകാല നടവ്സദ്യയുടെ ഓർമ്മ പുതുക്കലായി “വയൽ സദ്യ ” ഒരുക്കുകയുണ്ടായി. വയൽക്കരയിൽ കർഷകരും കർഷക തൊഴിലാളികളും കമ്മിറ്റി അംഗങ്ങളും പൊതുപ്രവർത്തകരും ഒരുമിച്ചിരുന്ന് വയൽ സദ്യ കഴിച്ചത് നാടിന് വേറിട്ട അനുഭവമായി . പാടശേഖരകമ്മിറ്റിയും സൗഹൃദ സംഘവും സംയുക്തമായി സംഘടിപ്പിച്ച വയൽസദ്യയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. ജയശ്രീ , ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രബാബു, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ , പഞ്ചായത്ത് മെമ്പർമാരായ ഷൈനി, ബിജു ,കൃഷി ഓഫീസർ ജാസ്മി, ജസീം എന്നിവരും കൃഷി ഇറക്കിയ കൂട്ടായ്മകളുടെ പ്രതിനിധികളും പങ്കെടുത്തു. മുൻകാല പ്രവർത്തനങ്ങൾ പോലെ വയൽ സദ്യ ഒരുക്കിയതും പൊതു പണപ്പിരിവ് ഒഴിവാക്കി സ്വമേധയാ നൽകിയ സഹായങ്ങൾ സ്വീകരിച്ചു കൊണ്ടായിരുന്നു. വിസ്തൃതമായ ഈ പാടശേഖരത്തിലെ ജലലഭ്യതയ്ക്ക് ,100ലധികം വർഷം പഴക്കമുള്ള വെട്ടിക്കൽ അണക്കെട്ടിന്റെയും കാടുവളർന്ന് ഒഴുക്ക് തടസ്സപ്പെടുന്ന പുഴയുടെയും ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് പാടശേഖര കമ്മിറ്റി അധികൃതരോട് ആവശ്യപ്പെടുന്നു.