പഴയകുന്നുമ്മേൽ : തട്ടത്തുമല ബഡ്സ് സ്കൂൾ വളപ്പിൽ നിന്ന് കാണാതായ ഈട്ടിത്തടി ഉരുപ്പടികളാക്കിയ നിലയിൽ ചെമ്പകശ്ശേരിയിലെ വീട്ടുവളപ്പിൽ നിന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ചെമ്പകശ്ശേരി വാർഡ് അംഗവും സി.പി.എം.അടയമൺ ലോക്കൽ ക്കമ്മിറ്റിയംഗവുമായ കെ.ഷിബു ഉൾപ്പെടെ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തതായാണ് വിവരം.
കണ്ടെത്തിയ തടിയുരുപ്പടികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് കോടതിക്ക് കൈമാറി. സർക്കാർ ഭൂമിയിൽ നിന്ന ഈട്ടിമരമാണ് കാണാതായത്. ബഡ്സ് സ്കൂൾ വളപ്പിലുണ്ടായിരുന്ന മരം ജൂലായ് അഞ്ചിന് കാണാതാവുകയായിരുന്നു. ഇത് ചിലർ കടത്തിക്കൊണ്ടുപോയതാണെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറി കിളിമാനൂർ പോലീസിൽ പരാതി നൽകി. തുടർന്ന് 11-ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ തടിയുരുപ്പടികൾ കണ്ടെത്തിയത്.
കുറവൻകുഴിക്ക് സമീപം ചെമ്പകശ്ശേരിവീട്ടിൽ തുളസിയുടെ വീടിന്റെ ചായ്പിൽ അറുത്ത് പലകകൾ ഉൾപ്പെടെയുള്ള ഉരുപ്പടികളാക്കിയ നിലയിലാണ് കണ്ടെത്തിയത്. കിളിമാനൂർ ഇൻസ്പെക്ടർ കെ.ബി.മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തടിയുരുപ്പടികൾ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഒറ്റയ്ക്ക് താമസിക്കുന്നയാളാണ് തുളസി. അഞ്ചലിൽ ബാർബർഷോപ്പിൽ ജോലി ചെയ്യുന്ന തുളസിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്നും അതിനുശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു. ഇയാൾക്ക് ഈ വിഷയത്തിൽ പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷിബുവിനെക്കൂടാതെ മരംവെട്ടുത്തൊഴിലാളിയായ വിനോദാണ് ഇപ്പോൾ പ്രതിപ്പട്ടികയിലുള്ളത്. രണ്ടുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെങ്കിലും കൂടുതൽ പ്രതികൾ കേസിലുൾപ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു.