തിരുവനന്തപുരം : നവകേരള സദസ്സ്, കേരളീയം പരിപാടികൾ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കളെ സസ്പെൻഡ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും കെ.എം.സി.സി നേതാവുമായിട്ടുള്ള ആർ നൗഷാദിനെയും പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറിയും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗവുമായ കലാപ്രേമി ബഷീറിനെയുമാണ് സസ്പെൻഡ് ചെയ്തത്. ഗുരുതരമായ പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് നടപടി.
ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സിലാണ് ആർ നൗഷാദ് പങ്കെടുത്തത്. കേരളീയത്തിൽ കലാപ്രേമി ബഷീറും പങ്കെടുത്തിരുന്നു.ലീഗ് സംസ്ഥാന കൗൺസിൽ അംഗമായ ആർ നൗഷാദ് പ്രഭാത സദസ്സിലാണ് എത്തിയത്. യുഡിഎഫ് നേതൃത്വത്തിന് തെറ്റുപറ്റിയെന്നും നവകേരള സദസ്സിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം നൽകരുതായിരുന്നുവെന്നും ആർ നൗഷാദ് പറഞ്ഞിരുന്നു. പരാതികൾ പരിഹരിക്കാനുള്ള ഇടമാണ് നവകേരള സദസ്സ്. താൻ എത്തിയത് പ്രവാസികളുടെ പ്രതിനിധിയായിട്ടാണ്. ലീഗിൽ തന്നെ തുടരാനാഗ്രഹിക്കുന്നുവെന്നും പാർട്ടി പുറത്താക്കുമോ എന്ന് അറിയില്ലെന്നും നൗഷാദ് പരിപാടിയിൽ പങ്കെടുത്ത ശേഷം പ്രതികരിച്ചിരുന്നു