കാലം കിളിമാനൂർ എന്ന സാംസ്കാരിക സംഘടനയുടെ ഉദ്ഘാടനം പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു.ഇതുപോലുള്ള സംഘടനയ്ക്ക് ഏറ്റവും അനുയോജ്യമായ പേര് തന്നെയാണ് കാലം എന്ന് അദ്ദേഹം പറഞ്ഞു.
ഇറ്റാലിയൻ സാഹിത്യകാരനായ ദാ ന്തെയുടെ ഡിവൈൻ കോമഡി ഇന്ത്യൻ ഭാഷകളിൽ ആദ്യമായി മലയാളത്തിൽ അതും അന്ന് വെറും മൂന്നുകോടി ജനങ്ങൾ മാത്രം സംസാരിക്കുന്ന ഭാഷയിൽ വിവർത്തനം ചെയ്ത കിളിമാനൂർ രമാകാന്തന്റെ നാട്ടിൽ ഇത്രയും വലിയ ലക്ഷ്യത്തോടുകൂടിയ ഒരു സാംസ്കാരിക സംഘടന ഉണ്ടാകാൻ ഏറെ താമസിച്ചുപോയി. കാലത്തിന്റെ രൂപീകരണത്തോടെ നാട് അദ്ദേഹത്തോടും മറ്റു കലാ സാഹിത്യ പ്രതിഭകളോടും ആദരം പുലർത്തുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമ സീരിയൽ താരം കിഷോർ, ഒ.എസ്. അംബിക. എം എൽ എ, പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ എന്നിവർ സംസാരിച്ചു. കാലം പ്രസിഡന്റ് വേണു ഗോപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഹരീഷ് സ്വാഗതവും ട്രഷറർ സോമരാജൻ നന്ദിയും പറഞ്ഞു. സിനിമ സംവിധായകൻ പ്രജേഷ് സെൻ, ആർട്ടിസ്റ്റ് കിളിമാനൂർ ഷാജി, പിന്നണിഗായിക സരിത രാജീവ്, കർഷക ഷൈല ബഷീർ, നോവലിസ്റ്റ് മാരായ അഡ്വ. ബിലഹരി, രജ്ജു കിളിമാനൂർ, എന്നിവരെ ഉദ്ഘാടന യോഗത്തിൽ ആദരിച്ചു.
സ്വാഗതഗാനം രചിച്ച കൃഷ്ണൻ കുട്ടി മടവൂർ, ഈണം നൽകിയ അനീഷ് ചന്ദ്രമോഹൻ, ഓർക്കസ്ടേഷൻ നടത്തിയ രാജീവ് ശിവ, കാലം ലോഗോ നിർമ്മിച്ച അനീഷ് സതീശൻ എന്നിവരെയും യോഗത്തിൽ ആദരിച്ചു.
ഗസൽ ഗായകൻ അലോഷി ആദം നയിച്ച ഗസൽ രാവും സംഘടിപ്പിച്ചു.