കഴക്കൂട്ടം: എട്ടുമീറ്റർ പൊക്കത്തിൽ മണ്ണിട്ട് ഉയർത്തി മതിൽകോട്ട പോലെ റോഡിന് ഇരുവശവും കെട്ടിയടച്ചു അശാസ്ത്രീയ ദേശീയപാത വികസനത്തിനെതിരെ കണിയാപുരത്ത് പ്രതിഷേധം വ്യാപകമാകുന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോയടക്കം നിരവധി വ്യാപര സ്ഥാപനങ്ങളും സ്കൂളുകളും ആരാധനലയങ്ങളും കൂടുതലുള്ള സ്ഥലമാണ് കണിയാപുരം ദേശീയപാത. അതിനാൽ വെട്ടുറോഡ് മുതൽ പള്ളിപ്പുറം വരെയെങ്കിലും കഴക്കൂട്ടം മോഡലിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. ഇത് നിറവേറ്റി കിട്ടണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു ജനുവരി ആറാം തീയതി രാവിലെ 10ന് കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കടകടളടച്ചും സാമൂഹിക രാഷ്ട്രീയ രംഗത്തെ നൂറുകണക്കിന് ജനങ്ങളെ ഉൾപ്പെടുത്തികൊണ്ട് ദേശീയപാത ഉപരോധവും പ്രതിഷേധ ധർണയും നടത്തും. കേന്ദ്രമന്തി ബി. മുരളീധൻ, മന്ത്രി ജി.ആർ അനിൽ, അടൂർ പ്രകാശ് എം.പി തുടങ്ങിയവർക്ക് നിവേദനം നൽകുകയും ചെയ്തു.
ജില്ലയിലെ ഏറ്റവും വലിയ ഏലായ പള്ളിപ്പുറം പാടത്ത് മഴയത്ത് കായൽ പരപ്പുപോലെയാണ് വെള്ളം പൊങ്ങുന്നത്. ഇത് ദിവസങ്ങളെടുത്താണ് തോട്ടിലൂടെ ഒഴുകി പോകുന്നത്. റോഡ് കെട്ടിയടച്ചാൽ ഈയൊരു കാരണത്താൽ സമീപ പ്രദേശത്തെ വീടുകളടക്കം വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയും ജനങ്ങൾ ഉയർത്തുന്നുണ്ട്. കൂടാതെ ടെക്നോസിറ്റി, സൈനിക സ്കൂൾ, സി.ആർ.പി.എഫ്, ക്യാമ്പ്, കണിയാപുരം കെ.എസ്.ആർ,ടി.സി ഡിപ്പോ, ആലുംമൂട് എൽ.പി സ്കൂൾ, കണിയാപുരം ഹയർസെക്കൻഡറി സ്കൂൾ, ഒന്നിലധികം ക്ഷേത്രങ്ങൾ, പള്ളികൾ തുടങ്ങിയവ റോഡിനിരുവശമാണ് സ്ഥിതി ചെയ്യുന്നത്. രണ്ടുപ്രദേശങ്ങളെ വേർതിരിക്കുന്നത് പോലെ റോഡ് കെട്ടിയടയ്കുന്നതോടെ പ്രദേശവാസികൾ പൊറുതി മുട്ടിയവസ്ഥയിലാകും. മാത്രമല്ല ചെറുതും വലതുമായ വ്യാപാര സ്ഥാപനങ്ങൾ പൂർണമായി പൂട്ടികെട്ടേണ്ടി വരും. അതോടെ നിരവധി പേരുടെ വരുമാന മാർഗങ്ങളും നൂറുകണക്കിന് പേരുടെ തൊഴിലവസരങ്ങളും നഷ്ടമായേക്കും. ഇതെല്ലാം കണക്കിലെടുത്ത് കഴിയുന്നത്ര ദൂരത്തിൽ എലിവേറ്റഡ് ഹൈവേ നിർമ്മിച്ച് കണിയാപുരത്തെ കാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാഷ്ട്രിയം മറന്ന് ജന പ്രതിനിധികൾ ഒന്നടങ്കം ഇടപെടണമെന്നും കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.