കിളിമാനൂർ ഗ്രാമപഞ്ചായത്ത് മേഖലയിൽ കുട്ടികൾക്ക് ഉല്ലസിക്കുന്നതിനായി പാർക്കുകളൊന്നും നിലവിലില്ലാത്ത സാഹചര്യത്തിൽ രാജാരവിവർമ്മ സാംസ്കാരിക നിലയത്തിൽ കുട്ടികളുടെ പാർക്ക് ആരംഭിക്കണമെന്ന് വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിൽ സാംസ്കാരിക നിലയത്തിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ഇതിനായി ഉപയോഗിച്ചാൽ വിനോദത്തോടൊപ്പം കുട്ടികൾക്ക് വിശ്വ പ്രസിദ്ധ ചിത്രകാരനായ രാജാരവിവർമ്മയെക്കുറിച്ച് കൂടുതൽ അറിയുന്നതിനും അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുന്നതിനുമുളള അവസരവുമുണ്ടാകും. വർഷങ്ങളായുള്ള പ്രദേശത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഹരികൃഷ്ണൻ.എൻ.ന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം രക്ഷാധികാരി മോഹൻ വാലഞ്ചേരി ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി ഷിജാരാജ് റിപ്പോർട്ടും ട്രഷറർ ആർ.അനിൽകുമാർ വരവുചെലവു കണക്കുകളും രജിതകുമാരി അനുശോചന പ്രമേയവും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ പ്രഫ.എം.എം. ഇല്യാസ് സ്വാഗതവും എ.ടി.പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി.
