കണിയാപുരം : അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കണിയാപുരം നഗരത്തെ 8 മീറ്റർ ഉയരത്തിൽ കോട്ടമതിൽ കെട്ടി നാടിനെയും നാട്ടുകാരെയും രണ്ടായി വിഭജിച്ച്,ജീവ വായു തടഞ്ഞ്,സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെയും കുടുംബത്തെയും സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ്, ചെറുകിട കച്ചവടക്കാരെയും അതിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെയും വയറ്റത്തടിച്ച്, കണിയാപുരത്തിന്റെ കിഴക്കുഭാഗം പൂർണ്ണമായും വെള്ളപ്പൊക്കത്തിന് കാരണമാക്കി പതിനായിരകണക്കിന് ജനങ്ങളുടെ ജീവിതചര്യകളെ തകിടം മറിച്ച്, നാശത്തിലേക്ക് തള്ളി വിടുന്ന അശാസ്ത്രീയമായ ദേശീയപാത നിർമ്മാണം നിർത്തിവെച്ച് കഴക്കൂട്ടം മോഡൽ എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ (KDO ) ഈ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന തുടർ പ്രതിഷേധ സമര പരിപാടികളുടെ മൂന്നാം ഘട്ടം എന്ന നിലയിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പേട്ടയിലുള്ള നാഷണൽ ഹൈവേ റീജണൽ ഓഫീസ് പടിക്കൽ ബഹുജന ധർണ്ണ നടന്നു.
മുൻ എംഎൽഎയും മുൻ ഭക്ഷ്യ വകുപ്പ് മന്ത്രിയുമായിരുന്ന സി ദിവാകരൻ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. സമാധാനപരമായി ആവശ്യങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യുന്ന പൊതുജനങ്ങളെ പ്രകോപിപ്പിച്ച് അക്രമ പാതയിലേക്ക് തള്ളി വിടാതെ നോക്കേണ്ട കടമ അധികാരികൾക്കുണ്ടെന്ന് പ്രസംഗത്തിൽ ദിവാകരൻ ഓർമ്മിപ്പിച്ചു.
മുൻ എംഎൽഎ എം എ വാഹിദ് ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരച്ചു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് റോഡ് നിർമ്മാണം നടത്തുമ്പോഴും, ടോൾ പിരിവിലൂടെ പണം അധികമായി കണ്ടെത്തിയിട്ടും ജനങ്ങളുടെ ആവശ്യത്തെ മറികടന്ന് ധിക്കാരപരമായ സമീപനം ഈ വിഷയത്തിൽ എന്തിന് എന്ന് യോഗത്തിൽ എം എ വാഹിദ് അഭിപ്രായപ്പെട്ടു. കണിയാപുരത്തിന്റെ ജനകീയ ആവശ്യങ്ങൾ നേടിയെടുക്കാതെ സമരമുഖത്ത് നിന്നും പിന്നോട്ടില്ലെന്ന് കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ ചെയർമാൻ നൗഷാദ് തൊട്ടുംകരയും, കൺവീനർ എം കെ നവാസും സംയുക്തമായി പ്രസ്താവന നടത്തി. തുടർന്ന് നടന്ന ധർണയിൽ ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാർ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
മതമേലധ്യക്ഷൻമാർ,യുവജന സാമൂഹിക സാംസ്കാരിക സംഘടനകൾ,36 ഓളം റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫോറം എന്ന സംഘടന, പ്രമുഖ ചാരിറ്റി സംഘടനകൾ, ടാക്സി ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകൾ, വ്യാപാരി വ്യവസായി ഏകോപനസമിതി കണിയാപുരം യൂണിറ്റ്, തുടങ്ങി സമൂഹത്തിലെ നാനാ തുറകളിൽപ്പെട്ട കൂട്ടായ്മകൾ ഒത്തൊരുമയോടെ തോളോട് തോൾ ചേർന്ന് ഈ ജനകീയ പ്രതിഷേധ ധർണ്ണയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ച് പങ്കെടുത്തു.