അഞ്ചുതെങ്ങ് : ഇന്ന് രാവിലെ അഞ്ചുതെങ്ങ് ജംഗ്ഷനു സമീപം രണ്ടു ദിവസം പഴകിയ മൃതദേഹം കരയ്ക്കടിഞ്ഞു. കൊല്ലം നീണ്ടകരയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ തമിഴ്നാട് നീരോടി സ്വദേശി സഹായ രാജു(30)ന്റെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞതായി അഞ്ചുതെങ്ങ് പോലീസ് അറിയിച്ചു.
വെളളിയാഴ്ചയാണ് സഹായ് രാജ് ഉൾപ്പെടെ നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായത്. തമിഴ്‌നാട് സ്വദേശികളായ ലൂർദ് രാജ്, ജോൺ ബോസ്‌കോ എന്നിവരെ കണ്ടെത്തുന്നതിനുളള തെരച്ചിൽ തുടരുകയാണ്. മീൻപിടിക്കുന്നതിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
വിഴിഞ്ഞം തീരത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മീൻപിടിക്കാൻ പോയി കടലിൽ കുടുങ്ങിയ നാലു മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച മടങ്ങിയെത്തിയിരുന്നു. ആന്റണി, ബെന്നി, യേശുദാസൻ, ലൂയിസ് എന്നിവരാണ് തിരിച്ചെത്തിയത്. ഉൾക്കടലിൽ കുടുങ്ങിയ ഇവരെ തെരച്ചിലിന് പോയ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്.