നെടുമങ്ങാട് : വാതില്‍പ്പടി വിതരണത്തിന്റ മറവില്‍ റേഷനരി കടത്തിയ സംഭവത്തിൽ നെടുമങ്ങാട് ഡിപ്പോ ഇന്‍ചാര്‍ജും സപ്ലൈകോ സീനിയര്‍ അസിസ്റ്റന്റുമായ ബി.സിജുവിനെ സസ്പെന്‍ഡ് ചെയ്തു. കൂടാതെ സംഭവവുമായി ബന്ധമുണ്ടന്ന് കണ്ടെത്തിയ കരാറുകാരനെ ഒഴിവാക്കാനും ഭക്ഷ്യവകുപ്പ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ലാ സപ്ലൈ ഒാഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ ഒരു മാസത്തിന് ശേഷമാണ് നടപടിയുണ്ടാകുന്നത്. നെടുമങ്ങാട് താലൂക്കിലെ ഗോഡൗണുകളില്‍ നിന്ന് അഞ്ചുലോഡ് റേഷനരി കരിഞ്ചന്തയിലേക്ക് കടത്തിയതായി ഡി.എസ്.ഒ റിപ്പോര്‍ട്ട് കൊടുത്തത് കഴിഞ്ഞമാസം 21നാണ്. ഇത് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ മന്ത്രിയുടെ ഒാഫീസിലേക്ക് കൈമാറിയതാകട്ടെ ഈ പതിനേഴിനും. ഒടുവില്‍ ഡിപ്പോ ഇന്‍ചാര്‍ജ് ബി സിജുവിനെ സസ്പെന്‍ഡ് ചെയ്തതായി സിവില്‍ സപ്ലൈസ് ഉത്തറവിറക്കി. ക്രമക്കേടില്‍ പങ്കുള്ളതായി തെളിഞ്ഞ സാഹചര്യത്തില്‍ കരാറുകാരനെ ഉടന്‍ മാറ്റണമെന്ന് ഭക്ഷ്യസെക്രട്ടറി മിനി ആന്റണി സെക്രട്ടറി അറിയിച്ചു.
കരാറുകാരന്റ ബിനാമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും എല്ലാ മാസവും സിവില്‍ സപ്ലൈസിന്റേയും സപ്ലൈകോയുടേയും സംയുക്ത സ്ക്വാഡ് ഗോഡൗണുകളില്‍ കര്‍ശന പരിശോധന നടത്തണമെന്നും സെക്രട്ടറി നിർദ്ദേശിച്ചു. പതിവുപോലെ ജീവനക്കാരനെ മാത്രം ബലിയാടാക്കി കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിന്റ ഭാഗമാണിതെന്നും ആക്ഷേപമുണ്ട്. രേഖകളില്‍ വിജയവിദ്യാധരനാണ് നെടുമങ്ങാട്ടെ കരാറുകാരന്‍. എന്നാല്‍ തിരുവനന്തപുരം താലൂക്കില്‍ ബിനാമി പേരില്‍ കരാറെടുത്തയാള്‍ തന്നെയാണ് ഇവിടെയും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.