ആറ്റിങ്ങൽ : ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കണമെന്നും, ആലംകോട് – അഞ്ചുതെങ്ങ് ഹാർബർ റോഡുമായി ബന്ധിക്കുന്ന പാലാംകോണം ജംഗ്ഷനിലെ റോഡിൻറെ നിർമ്മാണത്തിലെ അപകടകരമായ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിംലീഗ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയയുടെ ആഭിമുഖ്യത്തിൽ പാലാംകോണം ബൈപാസ് ജംഗ്ഷനിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പ്രദേശത്തെ മഹല്ലുകളായ പാലാംകോണം മുസ്ലിം ജമാഅത്ത്, പാലാംകോണം സലഫി മഹല്ല്, ദാറുൽ അർഖം കോളേജ് എന്നിവയുടെ ഭാരവാഹികളും ധർണയിൽ പങ്കെടുത്തു.
സ്കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും കടന്നു പോകുന്ന സർവീസ് റോഡ് നിലവിൽ അപകടകരമായ അവസ്ഥയിലാണ്. ജംഗ്ഷന് സമീപത്ത് താമസിക്കുന്ന ജനങ്ങൾക്കും, വ്യാപാരികൾക്കും വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന പൊടി മൂലം പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നിലവിൽ അനുഭവപ്പെടുന്നു. ആവശ്യങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ റോഡിൻറെ നിർമ്മാണം തടയുന്ന രൂപത്തിലുള്ള ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകും. ആറ്റിങ്ങൽ നിയോജകമണ്ഡലം യുഡിഎഫ് കൺവീനർ ഹാഷിം കരവാരം പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് നഹാസ് ആലംകോട് മുഖ്യ പ്രഭാഷണം നടത്തി. സേവാദൾ കോൺഗ്രസ് സംസ്ഥാന സമിതി അംഗം ജമാൽ ആലം, പാലാംകോണം മുസ്ലിം ജമാഅത്ത് പ്രതിനിധി നസീബ് ഖാൻ, ദാറുൽ അർഖം പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് മാറഞ്ചേരി, ഹാരിസ് ആലംകോട് എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് ആറ്റിങ്ങൽ നിയോജകമണ്ഡലം സെക്രട്ടറി ജമീൽ പാലാംകോണം സ്വാഗതവും യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി നവാസ് ജമാൽ നന്ദിയും പറഞ്ഞു.