തിരുവനന്തപുരം : ഉച്ചഭാഷിണി ഉപയോഗത്തിനു ഹൈകോടതി നിർദേശം ഉള്ളപ്പോഴും അത് കൃത്യമായി പാലിക്കുന്നില്ലെന്ന് വ്യാപക പരാതി. പ്രത്യേകിച്ച് പരീക്ഷാ കാലത്ത് രാത്രി വൈകിയും പല ഉത്സവ കേന്ദ്രങ്ങളിലും ഉച്ചഭാഷിണിയിലൂടെ വലിയ ശബ്ദത്തിലാണ് പാട്ടും മറ്റും വെയ്ക്കുന്നത്. അത് കാരണം കുട്ടികൾക്ക് പഠിക്കാൻ ബുദ്ധിമുട്ടാണ്. കുട്ടികളുടെ ഉറക്കത്തെയും അത് ബാധിക്കുന്നുണ്ട്. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ഉൾപ്പടെ ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഇത്തരത്തിൽ ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി വെക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണമെന്നാണ് പൊതുജന ആവശ്യം. ആരാധനാലയങ്ങളിൽ ആഘോഷങ്ങളുടെ ഭാഗമായി ഉച്ചഭാഷിണി വെക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ചാണോ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നാണ് ആവശ്യം.