ആറ്റിങ്ങൽ: ”മന്ത്രിയപ്പൂപ്പാ, ഞങ്ങളുടെ സ്കൂളിൽ പുതിയ ഭംഗിയുള്ള കെട്ടിടവും ഞങ്ങൾക്ക് കളിക്കാൻ പാർക്കും ഉണ്ടാക്കി തരാമോ അപ്പൂപ്പാ…” വിദ്യാഭ്യാസമന്ത്രിയ്ക്ക് നിവേദനം തയ്യാറാക്കി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഒന്നാം ക്ലാസിലെ കുരുന്നുകൾ എഴുതിയ കത്ത് ഇപ്പോൾ കുട്ടികൾക്കിടയിൽ വലിയ ചർച്ചയാണ്. ഒന്നാം ക്ലാസ്സിലെ 68 കുട്ടികൾ പോസ്റ്റ് കാർഡിൽ എഴുതിയ കത്ത് അവനവഞ്ചേരി പോസ്റ്റോഫീസിൽ നിന്നാണ് പോസ്റ്റുചെയ്തത്. ‘ജഗ്ഗു അമ്മയെ കാണുമോ?’ എന്ന പാഠഭാഗമാണ് കുട്ടികളെ കത്തെഴുതാൻ പ്രേരിപ്പിച്ചത്. ലോക മാതൃഭാഷാദിനത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾ ‘കുഞ്ഞെഴുത്തുകൾ’ എന്ന പതിപ്പ് പ്രകാശനം ചെയ്തിരുന്നു. കത്ത് പോസ്റ്റുചെയ്യാൻ അവനവഞ്ചേരി പോസ്റ്റോഫീസിലെത്തിയ കുട്ടികൾക്ക് പോസ്റ്റോഫിലെ ഉദ്യോഗസ്ഥർ പോസ്റ്റോഫീസ് പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ വിവരിച്ചുകൊടുത്തു.
സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് ജി.ആർ. ജിബി, അദ്ധ്യാപകരായ എൻ. സാബു, എസ്. കാവേരി, ജി.സി. ദീപാറാണി, രാഖി രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.