കണിയാപുരം : കണിയാപുരത്ത് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് മിന്നൽ ബസ് നിർത്താതെ പോയി. ആറ്റിങ്ങൽ ഇടയ്ക്കോട് സ്വദേശി ദീപു രവീന്ദ്രനാണ് പരിക്കേറ്റത്. ദേശീയ പാതയിൽ കണിയാപുരം പള്ളിപ്പുറം ഭാഗത്ത് ഇന്നലെ രാത്രി 9. 15 മണിയോടുകൂടിയാണ് അപകടം സംഭവിക്കുന്നത്.
തിരുവനന്തപുരം ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുന്ന മിന്നൽ ബസ് ആണ് എതിരെ വന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയത്. അപകടത്തിൽ സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കണിയാപുരത്ത് വച്ച് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്ത് പോയ മിന്നൽ ബസ് എതിരെ വന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിടുകയായിരുന്നു. എന്നാൽ സ്കൂട്ടർ യാത്രക്കാരൻ അപകടത്തിൽപ്പെട്ടത് ശ്രദ്ധിക്കാനോ അയാളെ ആശുപത്രിയിൽ എത്തിക്കാനോ മിന്നൽ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ശ്രമിച്ചില്ല . അതിവേഗതയിൽ തന്നെ ബസ് മുന്നോട്ട് നീങ്ങുകയായിരുന്നു.
ആറ്റിങ്ങിൽ നിന്ന് തിരുവനന്തപുരത്തേക്ക് ജോലി കഴിഞ്ഞ് സ്വവസതിയിലേക്ക് മടങ്ങുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനാണ് അപകടത്തിൽപ്പെട്ടത്. മിന്നൽ ബസ് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിടുന്ന ദൃശ്യം ബസ്സിന്റെ പുറകിൽ സഞ്ചരിച്ച കാറിന്റെ ക്യാമറയിൽ പതിയുകയായിരുന്നു. പിന്നാലെ എത്തിയ വാഹനങ്ങളിലെ യാത്രക്കാരാണ് സ്കൂട്ടർ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചത്. നിരത്തുകളിൽ ചീറിപ്പായുന്ന ഇത്തരം ബസുകൾ സാധാരണക്കാരന്റെ ജീവന് യാതൊരു വിലയും നൽകുന്നില്ല എന്നതാണ് ഈ സംഭവം തെളിയിക്കുന്നത്.
വീഡിയോ കാണാം