പള്ളിപ്പുറം : ബഹിരാകാശ സാങ്കേതിക വിദ്യയിലെ ഗവേഷണവും വ്യവസായവും ലക്ഷ്യമിട്ട് പള്ളിപ്പുറം നോളജ് സിറ്റിയിൽ സ്പേസ് പാർക്ക് വരുന്നു. സ്റ്റാർട്ടപ് ഇൻകുബേറ്ററുകൾ, സ്പേസ് ടെക്നോളജി സ്ഥാപനങ്ങൾ, നിർമാണ യൂണിറ്റുകൾ എന്നിവ സ്പേസ് പാർക്കിലുണ്ടാകും. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ഓർമയ്ക്കായി തുമ്പ വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രവുമായി സഹകരിച്ചു നിർമിക്കുന്ന സ്പേസ് മ്യൂസിയവും ലൈബ്രറിയും സ്പേസ് പാർക്കിന്റെ ഭാഗമാക്കും. ഐസിടി അക്കാദമി സിഇഒ സന്തോഷ് കുറുപ്പിനെ സ്പേസ് പാർക്ക് സ്പെഷൽ ഓഫിസറായി നിയമിച്ചു.
സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പാണു പദ്ധതി നടപ്പാക്കുക. നോളജ് സിറ്റിയിൽ നിന്ന് 20.01 ഏക്കർ പദ്ധതിയുടെ കോ ഡവലപ്പർ ആയ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് (കെഎസ്ഐടിഐഎൽ) പാട്ടത്തിനു നൽകും. നേരത്തെ കവടിയാറിലാണു സ്പേസ് മ്യൂസിയം നിർമിക്കാനുദ്ദേശിച്ചിരുന്നത്. പൈതൃക മേഖലയായ ഇവിടെ നിർമാണം പ്രയാസമായതുകൊണ്ടാണ് നോളജ് സിറ്റിയിലേക്കു മാറ്റാൻ സർക്കാർ തീരുമാനിച്ചത്.
സ്പേസ് പാർക്കിൽ പ്രവർത്തനം തുടങ്ങുന്ന കമ്പനികളിൽനിന്നു വാടക ഈടാക്കി അതിൽ നിന്നു ടെക്നോപാർക്കിനുള്ള പാട്ടത്തുക നൽകും. ഐഎസ്ആർഒയുടെ വിവിധ കേന്ദ്രങ്ങളും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസിനുമൊപ്പം സ്പേസ് പാർക്കും സ്പേസ് മ്യൂസിയവും കൂടിച്ചേരുന്നതോടെ ബഹിരാകാശമേഖലയിലെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായി തിരുവനന്തപുരം മാറുമെന്ന് ഐടി സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞു.