തിരുവനന്തപുരം :തനിമ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ അമീർഹംസ സ്മാരക സർഗ്ഗപ്രതിഭ പുരസ്കാരത്തിന് ഫാത്തിമ അൻഷിയെ തെരഞ്ഞെടുത്തു.
ജില്ലയിലെ കലാസാംസ്കാരിക സാമൂഹ്യരംഗങ്ങളിലെ സജീവപ്രവർത്തകനും തനിമ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന അമീർഹംസയുടെ സ്മരണാർത്ഥം കലാ സാഹിത്യ സാംസ്കാരിക രംഗത്തെ വേറിട്ട വിദ്യാർത്ഥി പ്രതിഭക്കാണ് അമീർഹംസ സ്മാരക സർഗ്ഗപ്രതിഭ പുരസ്കാരം നൽകുന്നത്.
ജന്മനാ നൂറ് ശതമാനം കാഴ്ച പരിമിധിയുള്ള അൻഷിക്ക് കേരള സർക്കാരിൻ്റെ പ്രഥമ ഉജ്ജ്വല ബാല്യ അവാർഡ്, 2019ലെ കൈരളി ഇശൽ ലൈലാ അവാർഡ്, കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിൻ്റെ 2022 ലെ ശ്രേഷ്ഠദിവ്യാംഗ് ബാലികാപുരസ്കാരം, സംസ്ഥാന ഹയർ സെക്കൻ്ററി വിഭാഗത്തിൽ ബെസ്റ്റ് എൻ.എസ്.എസ് വൊളണ്ടിയർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പൊളിറ്റിക്കൽ സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ഫാത്തിമ അൻഷി മലപ്പുറം മേലാറ്റൂർ സ്വദേശിയാണ്. പുരസ്കാരവിതരണം മാർച്ച് 30 ശനിയാഴ്ച പാളയം സത്യൻ സ്മാരകഹാളിൽ നടക്കുന്ന ചടങ്ങിൽ സിനിമനടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ വിതരണം ചെയ്യുമെന്ന് തനിമ കലാസാഹിത്യവേദി ജില്ലാപ്രസിഡൻറ് അമീർ കണ്ടൽ, ജനറൽ സെക്രട്ടറി അശ്കർ കബീർ എന്നിവർ അറിയിച്ചു.