കെ എസ് ആർ ടി സി ബസുകളുടെ മിനിയേച്ചറുകൾ ആണ് കൂടുതലും. ഒറിജിനലിലെ പോലും വെല്ലും ദിലീപിന്റെ മിനിയേച്ചറുകൾ. കെഎസ്ആർടിസി ആറ്റിങ്ങിൽ ഡിപ്പോയിൽ മെക്കാനിക്കൽ സെക്ഷനിൽ 12 വർഷം താൽക്കാലിക ജീവനക്കാരനായി ജോലി നോക്കി. പിന്നീട് ആ ജോലി നഷ്ടപ്പെട്ടെങ്കിലും കെഎസ്ആർടിസിയോടുള്ള അടങ്ങാത്ത സ്നേഹം മിനി ബസുകളുടെ നിർമ്മാണത്തിലേക്ക് വഴിതെളിച്ചു.
ബസുകളുടെ പുറമെയുള്ള രൂപം മാത്രമല്ല അതിനുള്ളിലെ മെക്കാനിക്കൽ ഭാഗങ്ങൾ ഉൾപ്പെടെ ഓരോ ഭാഗവും സൂക്ഷ്മതയോടെ പുനർസൃഷ്ടിക്കുകയാണ് ദിലീപ്. ബസുകൾ കണ്ട് ആകൃഷ്ടരായ പലരും ദിലീപിനോട് അതുപോലെ നിർമ്മിച്ചു നൽകുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
മൾട്ടിവുഡ്, ഷീറ്റ് തുടങ്ങിയവ ഉപയോഗിച്ചാണ് ബസ്സുകളുടെ നിർമ്മാണം. കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, എക്സ്പ്രസ്, റിക്കവറി വാൻ തുടങ്ങി ഐഎസ്ആർഒ യുടെ ബസ്സുകൾ സഹിതം ദിലീപിന്റെ ശേഖരത്തിൽ ഉണ്ട്. ഐടിഐ യിൽ നിന്ന് ഷീറ്റ് മെറ്റൽ കോഴ്സ് പാസായ ദിലീപ് പിന്നീട് കെഎസ്ആർടിസി യിൽ ജോലി നോക്കിയെങ്കിലും അവിടെ സ്ഥിരമാകാൻ കഴിഞ്ഞില്ല. കെഎസ്ആർടിസി യിൽ സ്ഥിരം ജോലി ലഭിക്കുമെന്ന സ്വപ്നവുമായി മുന്നോട്ടു പോവുകയാണ് ദിലീപ്.
അച്ഛനും അമ്മയ്ക്കും സഹോദരനും ഒപ്പം കളമച്ചൽ എന്ന കൊച്ചു ഗ്രാമത്തിലെ ദിലീപ് ഭവനിൽ ആണ് ഈ കലാകാരന്റെ താമസം.
സീനിയർ ലിസ്റ്റിൽ പേരുള്ള ദിലീപ് തന്റെ ഇഷ്ട സർക്കാർ സ്ഥാപനമായ കെഎസ്ആർടിസിയിൽ ഒരു സ്ഥിരം ജീവനക്കാരനായി തുടരാൻ അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ്.