വർക്കല : വർക്കലയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ സുരേഷ്.ഡി.എസ്. കാപ്പിൽ അന്തരിച്ചു. കേരള കൗമുദി, ദേശാഭിമാനി, ചന്ദ്രിക, തേജസ്സ്, സുപ്രഭാതം തുടങ്ങി പ്രമുഖ മാധ്യമങ്ങളിൽ ലേഖകനായി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. ഇടവ ഗ്രാമപഞ്ചായത്ത് മുൻ അംഗവും കാപ്പിൽ പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനും വർക്കല താലൂക്ക് പ്രസ് ക്ലബ് അംഗവുമാണ് .
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കാവേയാണ് മരണം. മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു . തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രക്തസമ്മർദത്തെ തുടർന്ന് പൊട്ടിയ ഞരമ്പിന്റെ തൊട്ടടുത്തു തന്നെ പൊട്ടാൻ പാകത്തിൽ സ്വല്ലിംഗുകൾ (കുമിളകൾ) ഉണ്ടായിരുന്നു. അപകടസാദ്ധ്യത കൂടുതൽ ആയതിനാൽ എത്രയും വേഗം ഓപ്പൺ സർജറി നടത്തണമെന്നാണ് ന്യൂറോ വിഭാഗം കുടുബത്തെ അറിയിച്ചത്. ചികിത്സയ്ക്ക് വലിയൊരു തുക ആവശ്യമായി വന്ന സാഹചര്യത്തിൽ ആകെയുള്ള വീടും പുരയിടവും ജപ്തി ഭീഷണി നേരിടുന്നതിനാൽ എന്ത് ചെയ്യണം എന്നറിയാതെ ഭാര്യ അജിതയും 13 വയസ്സുള്ള മകളും സുഹൃത്തുക്കളും നാട്ടുകാരും ആകെ വിഷമത്തിലായിരുന്നു. തുടർന്ന് സുമനസ്സുകളുടെ കനിവ് തേടുകയായിരുന്നു. എന്നാൽ സഹായം ഏറ്റുവാങ്ങാൻ നിൽക്കാതെ സുരേഷ് ഡി എസ് യാത്രയായി.