പൂവച്ചൽ : പൂവച്ചൽ എസ്.ബി.ഐ. ശാഖയിലെ പണം നിക്ഷേപിക്കൽ യന്ത്രത്തിൽ (സി.ഡി.എം.)നിന്നു കള്ളനോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് പറണ്ടോട് കീഴ്പാലൂർ വിനോഭ ഭവൻ ഏന്തിവിള വീട്ടിൽ ബിനീഷ്(26), ആര്യനാട് മുള്ളൻകല്ല് വിജയാ ഭവനിൽ ജയൻ(47) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം പൂവച്ചൽ എസ്.ബി.ഐ. ശാഖയിലെ പണം നിക്ഷേപിക്കൽ യന്ത്രത്തിൽനിന്ന് 500ന്റെ എട്ട് കള്ളനോട്ടുകൾ ബാങ്ക് അധികൃതർക്കു ലഭിച്ചിരുന്നു. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം നടത്തിയ പരിശോധനയിൽ പിടിയിലായ ബിനീഷ് അമ്മയുടെ അക്കൗണ്ടിലേക്കു നിക്ഷേപിച്ചതാണ് പണം എന്ന് കണ്ടെത്തി.
ബാങ്ക് മാനേജർ അന്വേഷണം ആവശ്യപ്പെട്ട് കാട്ടാക്കട പോലീസിനു പരാതി നൽകി. ബിനീഷിനെ കസ്റ്റഡിയിൽ എടുത്തശേഷം നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ബന്ധുവായ ജയന്റെ വീട്ടിൽ കള്ളനോട്ടുകൾ അച്ചടിക്കാനുള്ള സംവിധാനങ്ങൾ കണ്ടെത്തി
ഇവിടെ 500, 100 രൂപ നോട്ടുകൾ സ്കാനറിന്റെ സഹായത്തോടെ നിർമിച്ചിരുന്നതായും സ്ഥിരീകരിച്ചു. പ്രതികൾ ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ, സ്കാനർ, പ്രിൻറർ, മഷി, പേപ്പറുകൾ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികൾ ഇത്തരത്തിൽ കള്ളനോട്ടുകൾ നിർമിച്ച് വിതരണം ചെയ്തിട്ടുണ്ടോയെന്നും മറ്റെവിടെയെങ്കിലും നോട്ടുകൾ മാറിയെടുത്തിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
കാട്ടാക്കട ഡിവൈ.എസ്.പി. ജയകുമാർ, ഇൻസ്പെക്ടർ എൻ.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.