ഒറ്റൂർ, മണമ്പൂർ, കരവാരം, നാവായിക്കുളം പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ കുടിവെള്ളമില്ല. വേനൽമഴ ലഭ്യമല്ലാത്തതും വാമനപുരം ആറ് വറ്റിവരളുന്നതുമാണ് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നത്. പഞ്ചായത്തുകളിലേക്ക് ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം നിലച്ചമട്ടാണ്.
മിക്കയിടങ്ങളിലും കിണറുകളിൽ വെള്ളം വറ്റിവരണ്ടു. മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളത് ഒറ്റൂർ പഞ്ചായത്തിലാണ്. പഞ്ചായത്തിലെ വെയിലൂർ, വെട്ടിമൺകോണം, തോപ്പുവിള, ചേന്നൻകോട്, പേരേറ്റിൽ എന്നിവിടങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. കിണറുകളിൽ വെള്ളം വറ്റിയതിനാൽ പൈപ്പ് വെള്ളത്തെയാണ് ഇവിടുള്ളവർ ആശ്രയിക്കുന്നത്. രണ്ടാഴ്ചകൊണ്ട് പൈപ്പ് ലൈനിൽ വെള്ളം വരുന്നില്ല. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും ഫലമില്ല. വേനൽമഴ കുറവായതിനാൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് ജല അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് ഒറ്റൂർ നിവാസികളുടെ ആവശ്യം.