വർക്കല : വർക്കല കിടപ്പ് രോഗിയായ വൃദ്ധയുടെ വീട്ടിലെ ജോലിക്കാരിയും മകനും മോഷണക്കേസിൽ അറസ്റ്റിലായി. കൊല്ലം ഓയൂർ സ്വദേശിനി നുഫൈസ ബീവി (50) , മകൻ അൻവർ (27) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
വർക്കല ചെറുന്നിയൂർ ഗ്രീൻ ലാൻഡ് ഹൗസിൽ ഏപ്രൽ 24 ന് രാത്രിയിലായിരുന്നു മോഷണം. പൊലീസ് പറയുന്നത് ഇങ്ങനെ…
85 കാരിയായ സുബൈദ ബീവിയുടെ വീട്ടിൽ നുഫൈസ ജോലിക്കാരിയായി കഴിഞ്ഞ 3 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളും അറിയാവുന്ന നുഫൈസയാണ് കവർച്ച ആസൂത്രണം ചെയ്തത്. രാത്രി ഭക്ഷണം കഴിച്ച ശേഷം സുബൈദ ബീവി ഉറങ്ങി. പ്രതിയായ നുഫൈസ ആസൂത്രണം ചെയ്തത് അനുസരിച്ച് പുലർച്ചെ ഒരു മണിയോടെ പ്രതിയുടെ മകൻ അൻവർ വീട്ടിലെത്തി. വീടിന്റെ പിൻ ഭാഗത്തെയും മുൻ ഭാഗത്തെയും വാതിലുകൾ നുഫൈസ മകന് കവർച്ച നടത്തുന്നതിനായി തുറന്നിട്ടു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 11.5 പവൻ സ്വർണ്ണവും ഹാൻഡ് ബാഗിൽ ഉണ്ടായിരുന്ന 56000 രൂപയും ഇരുവരും ചേർന്ന് കവർന്നു.
മോഷ്ടിച്ച സ്വർണ്ണം വീടിന് സമീപത്തെ കിണറ്റിനരികിൽ കുഴിച്ചിട്ട ശേഷം മുകളിൽ ഉണങ്ങിയ തടി കഷ്ണങ്ങൾ ഇട്ട് മൂടി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻശ്രമിച്ചു വീടിന്റെ മുൻഭാഗത്തെ വാതിലിന് കേടുപാടുകൾ വരുത്തി. കവർച്ച നടത്തിയ മുറിയിലെ എ.സി യുടെ യൂണിറ്റ് ഇളക്കി മാറ്റി. ശേഷം പിന്നിലുള്ള ജനാലയുടെ ചെറിയൊരു ഭാഗം ആക്സോ ബ്ലെയ്ഡ് ഉപയോഗിച്ച് അറുത്തു മാറ്റി. അറുത്തു മാറ്റിയ ഭാഗം കിണറ്റിനോട് ചേർന്നുള്ള ഭാഗത്ത് ഉപേക്ഷിച്ചശേഷം പണവുമായി അൻവർ ചെന്നെയിലേക്ക് പോയി. പിറ്റേന്ന് രാവിലെ വീട്ടിൽ മോഷണം നടന്നതായും പണവും സ്വർണ്ണവും നഷ്ടപ്പെട്ടതും മനസിലാക്കിയ സുബൈദ ബീവി സമീപത്തെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്നാണ് വർക്കല പൊലീസിൽ പരാതി നൽകിയത്.
അന്വേഷിക്കാൻ എത്തിയ പൊലീസ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ജോലിക്കാരി നുഫൈസയോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഭാവമാറ്റം ഇല്ലാതെ കാര്യങ്ങൾ വിശദീകരിച്ചെങ്കിലും മൊഴികളിൽ വൈരുദ്ധ്യം വന്നതോടെ വിശദമായി ചോദ്യം ചെയ്തു . ഇതോടെയാണ് താനും മകനും ചേർന്നാണ് കവർച്ച നടത്തിയതെന്ന കുറ്റം നുഫൈസ പൊലീസിനോട് സമ്മതിക്കുന്നത്. കുഴിച്ചിട്ട സ്വർണ്ണം നുഫൈസ തന്നെ പൊലീസിന് എടുത്തു നൽകി. അൻവറിന്റെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ ചെന്നൈയിൽ ആണെന്ന് മനസിലാക്കി. എന്നാൽ പൊലീസ് ചെന്നൈയിൽ എത്തുന്നതിന് മുൻപ് കടന്ന് രക്ഷപ്പെടാനായി അൻവർ ട്രെയിനിൽ വർക്കല റയിൽവേ സ്റ്റേഷനിൽ എത്തി. മൊബൈൽ ടവർ ലൊക്കേഷൻ നിരീക്ഷിച്ചു വന്ന പൊലീസ് ഇയാളെ സ്റ്റേഷനിൽ വന്നിറങ്ങിയ ഉടൻ തന്നെ പിടികൂടി.
കവർച്ച നടത്തിയ വീട്ടിൽ ഇയാളെ എത്തിച്ചു തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച പണത്തിൽ 36000 രൂപ ഇയാളിൽ നിന്നും പൊലീസ് കണ്ടെത്തി. 20,000 രൂപ ഇയാൾ ഒളിവിൽ പോകുന്നതിനായി ചിലവാക്കിയെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ചെന്നൈയിലെ ഒരു ഷോപ്പിൽ ജീവനക്കാരനായി 2 വർഷമായി ജോലി ചെയ്തു വരുന്ന അൻവർ കൃത്യം നടത്തുന്നതിനായി ആണ് വർക്കല എത്തുന്നത്.
വീടിനെ കുറിച്ചുള്ള കൃത്യമായ ധാരണ ഇയാൾക്കും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധുക്കൾ സമീപത്തുണ്ടെങ്കിലും സുബൈദ ബീവിയുടെ വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് നുഫൈസ ബീവിയാണ്. അതിനാൽ തന്നെ മോഷണം നടത്തിയാൽ ഇവരെ ആരും സംശയിക്കില്ല എന്ന വിശ്വാസവും കവർച്ച നടത്താൻ ഇവരെ പ്രേരിപ്പിച്ചുവെന്ന് വർക്കല എസ് എച്ച് ഒ ശ്രീകുമാർ പറഞ്ഞു. എച്ച് ഒ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അഭിഷേക്, ബൈജു, രമേശൻ, സലിം,സുധീർ പ്രതിയെ ചോദ്യം ചെയ്തത്.പ്രതികള കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു