ആറ്റിങ്ങൽ :കഥാപാത്രത്തിന് അനുസ്മരിക്കാൻ നാടക പ്രവർത്തകർ ഒത്തുചേർന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സെക്കരക്കുടി പഞ്ചായത്തിലെ “ആളില്ലാഗ്രാമ “മെന്നറിയപ്പെടുന്ന മീനക്ഷിപുരം ഗ്രാമത്തിൽ ഒറ്റക്ക് ജീവിച്ച കന്തസ്വാമിയെ അനുസ്മരിക്കാനാണ് നാടക കലാകാരന്മാർ ഒത്തുകൂടിയത്.
“ദി തീയറ്റർ ഗ്രൂപ്പ് ” സാംസ്ക്കാരിക സമിതി അംഗങ്ങൾ അവതരിപ്പിച്ച ” ചില നേരങ്ങളിൽ ചില മനുഷ്യർ ” എന്ന നാടകം കന്തസ്വാമിയുടെ ജീവിതമാണ്.
ഇക്കഴിഞ്ഞ ആഴ്ച്ചയാണ് തൂത്തുക്കുടി ജില്ലയിലെ മീനാക്ഷിപുരം ഗ്രാമത്തിൽ ഇദ്ദേഹം അന്തരിച്ചത്. തങ്ങളവതരിപ്പിച്ച നാടകത്തിലെ കഥാനായകന്റെ മരണവാർത്ത പത്രമാധ്യമങ്ങളിൽ അറിഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ അനുസ്മരിക്കാൻ നാടക പ്രവർത്തകർ ഒത്തുചേർന്നത്.
കോവിഡ് മഹാമാരിയുടെ കാലത്ത് നിലച്ചുപോയ നാടക പ്രവർത്തനങ്ങൾ വീണ്ടെടുക്കുന്നതിനെ കുറിച്ചുള്ള ആലോചനക്കിടയിലാണ് ഈ നാടകം പിറന്നത്. നാടക, ചലചിത്രഗാന രചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറമാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.
പ്രൊഫഷണൽ നാടകരംഗത്തെ ശ്രദ്ധേയനടൻമാരായ ബിജു മുടപുരം, അഭിലാഷ് വേറ്റിനാട്, സേതു ശിവകൃഷ്ണപുരം എന്നിവരാണ് അഭിനയിച്ചത്. വിപിൻ ഗോവിന്ദാണ് പിന്നണിയിൽ പ്രവർത്തിച്ചത്.കോവിഡ് രോഗകാലത്ത് യുട്യൂബിൽ കണ്ട കന്തസാമിയുടെ ജീവിതത്തിൽ നിന്നുമാണ് നാടകം രചിച്ചത്. തൂത്തുക്കുടി ജില്ലയിൽ എണ്ണൂറിലേറെ താമസക്കാരുണ്ടായിരുന്ന ഗ്രാമത്തിലെ ജനങ്ങൾ പലപ്പോഴായി ഒഴിഞ്ഞു പോയിട്ടും ജൻമനാട്ടിൽ ഒറ്റക്ക് താമസം തുടർന്ന കന്തസാമിയെത്തേടി രോഗകാലത്ത് എല്ലാം നഷ്ടപ്പെട്ട നഗര ജീവികളായ രണ്ട് ആൺമക്കൾ മടങ്ങിവരുന്നതാണ് ” ചില നേരങ്ങളിൽ ചിലമനുഷ്യർ ” എന്ന ഈ നാടകത്തിന്റെ ഇതിവൃത്തം. ജഗതി എൻ.കെ .ആചാരി നാടകപുരസ്കാരം, പാലോട് സംസ്ഥാന അമച്വർ നാടകപുരസ്കാരം, ഉൾപ്പെടെ പത്തിലേറെ അംഗീകാരങ്ങൾ വിവിധ മൽസരങ്ങളിൽ ഈ നാടകം ഏറ്റുവാങ്ങി.
വർഷങ്ങൾക്കു ശേഷം ഇപ്പോഴും ഈ നാടകം അവതരണം തുടരുന്നുണ്ട്. കന്തസാമിയുടെ ജീവിതം ചലച്ചിത്രമാക്കാൻ തിരക്കഥ തയ്യാറാക്കപ്പെടുമ്പോഴാണ് കന്തസ്വാമി യാത്രയായത്. അനുസ്മരണ ചടങ്ങിൽ
നാടക,സാംസ്ക്കാരിക പ്രവർത്തകരും എത്തിയിരുന്നു.