തിരുവനന്തപുരം: ജില്ലയിൽ 13 റോഡുകളുടെ നവീകരണത്തിനായി 24.3 കോടി രൂപയുടെയും മൂന്നു കെട്ടിടങ്ങൾക്കായി 6.5കോടി രൂപയുടെയും ഭരണാനുമതി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ കവടിയാർ പൈപ്പ്ലൈൻ റോഡ് ഇന്റർലോക്ക് ചെയ്ത് സൈക്കിൾ ട്രാക്ക് നിർമ്മിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിനും അരുവിക്കര ഉറിയാക്കോട് ജംഗ്ഷൻ നവീകരിക്കുന്നതിന് രണ്ടരക്കോടി വീതവും, ആറ്റിങ്ങൽ മണ്ഡലത്തിലെ കിളിമാനൂർ ടൗൺ റോഡ് നവീകരണത്തിന് ഒരു കോടി രൂപയും അനുവദിച്ചു.
അരുവിക്കര മണ്ഡലത്തിലെ ആര്യനാട് കോട്ടക്കകം പറന്തോട് റോഡിന്റെ രണ്ടാം റീച്ചിന് 3.5 കോടി,നെടുമങ്ങാട് മണ്ഡലത്തിലെ കരകുളം മുല്ലശ്ശേരി വേങ്കോട് റോഡിന് 1.5 കോടി, കല്ലൂർ മഞ്ഞമല റോഡിന് ഒരു കോടി,ചിറയിൻകീഴ് മണ്ഡലത്തിലെ പടിഞ്ഞാറ്റുമുക്ക് – പുതുക്കുറിച്ചി റോഡിന് രണ്ടു കോടി എന്നിങ്ങനെ അനുവദിച്ചു. വാമനപുരം മണ്ഡലത്തിലെ ചുള്ളിമാനൂർ പനയമുട്ടം റോഡ് രണ്ടാം ഘട്ടത്തിന് 1.5 കോടി രൂപയും പാലോട് ആശുപത്രി പൊലീസ് സ്റ്റേഷൻ റോഡിന്റെയും ആശുപത്രി ജംഗ്ഷന്റെയും നവീകരണത്തിന് 80 ലക്ഷം രൂപയും വഞ്ചുവം കീഴ്ക്കോട്ടുമൂഴി തേക്കിൻമൂട് റോഡിന്റെ ഒന്നാം ഘട്ടത്തിന് 3കോടി രൂപയും അനുവദിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിലെ ചാവടിനട ഇരങ്ങുകടവ് റോഡിന് ഒരു കോടിയും ശിവൻമുക്ക് നന്ദായിവനം റോഡിനും ചെങ്കിക്കുന്ന് പുല്ലായിൽ പൊയ്കക്കാട് റോഡിനും 2കോടി രൂപ വീതവും അനുവദിച്ചു. പാറശാലയിൽ പൊതുമരാമത്ത് റെസ്റ്റ് ഹൗസിന് പുതിയ മന്ദിരം നിർമ്മിക്കാൻ 3കോടി രൂപയും വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന് പുതിയ മന്ദിരം നിർമ്മിക്കാൻ ഒരു കോടിയും വാമനപുരം മണ്ഡലത്തിലെ പുല്ലാംപാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ ബിൽഡിംഗിന് രണ്ടര കോടിയുമാണ് അനുവദിച്ചിട്ടുള്ളത്