ആറ്റിങ്ങൽ : പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച പ്രതിയായ 42 വയസ്സുകാരന് ഒരു വർഷം കഠിനതടവ് ഉൾപ്പെടെ 3 വർഷം തടവും അമ്പതിനായിരം രൂപ പിഴ ശിക്ഷയും വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.ആറ്റിങ്ങൽ പോലീസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് ഹാജരാക്കിയ കേസിലാണ് കുറ്റക്കാരനെന്ന് കണ്ട് ആറ്റിങ്ങൽ ഫാസ്റ്റ് സ്പെഷ്യൽ കോടതി ജഡ്ജ് ബിജു കുമാർ സി. ആർ പ്രതിക്ക് ശിക്ഷ വിധിച്ച് ഉത്തരവായത്.
2018 ലാണ് കേസിനാസ്പദമായ സംഭവം. പഠനം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരികയായിരുന്ന പെൺകുട്ടിയുടെ ശരീരത്ത് സ്പർശിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ വർക്കല സ്വദേശി സുനിൽ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.
വല്ലാതെ ഭയന്ന് പെൺകുട്ടി പെട്ടെന്ന് പ്രതികരിക്കുകയും, സംഭവം കണ്ട സമീപവാസി ഓടിയെത്തി പെൺകുട്ടിയെ സഹായിച്ച സമയം പ്രതി കടന്നുകളഞ്ഞു എന്നുമാണ് പ്രോസിക്യൂഷൻ കേസ്. മറ്റൊരു കേസിൽ പ്രതിയാക്കപ്പെട്ട് ജാമ്യത്തിൽ പുറത്തിറങ്ങി കഴിഞ്ഞു വരവേയാണ് പ്രതി പെൺകുട്ടിയോട് ഇത്തരത്തിൽ അതിക്രമം പ്രവർത്തിച്ചത്. ആദ്യ കേസിൽ ശിക്ഷാ തടവുകാരനായി കഴിഞ്ഞ് വരവേയാണ് 2018 വർഷത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണ പൂർത്തിയാക്കപ്പെട്ട് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ചത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ പൊതു സ്ഥലത്ത് വച്ചുള്ള ലൈംഗികാതിക്രമ കുറ്റം, പോക്സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിയിക്കപ്പെട്ടതായി കണ്ട കോടതി, പ്രതി 3 വർഷം കഠിനതടവ് ശിക്ഷയായി അനുഭവിക്കണമെന്നും, 50,000/- രൂപ പിഴത്തുകയായി കെട്ടിവയ്ക്കണമെന്നും ഉത്തരവിട്ടു. പിഴ തുക കെട്ടിവെക്കുന്ന സാഹചര്യത്തിൽ 40,000/- രൂപ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവുണ്ട്. പിഴ തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ പ്രതി രണ്ട് മാസം തടവ് അധികമായി അനുഭവിക്കണം. ജയിലിൽ കിടന്ന കാലയളവ് ശിക്ഷയിൽ ഇളവ് ഉണ്ടാകുമെന്നും ഉത്തരവുണ്ട്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന തൻസീം അബ്ദുൽ സമദ് ആണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം മുഹ്സിൻ ഹാജരായി.