വർക്കല : നെൽകൃഷി അപ്രത്യക്ഷമായി കൊണ്ടിരിക്കുമ്പോൾ അത് തിരിച്ചുപിടിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് ജീവനക്കാർ ഫയലുകൾക്കിടയിൽ നിന്നും വയലിലേക്ക് ഇറങ്ങിയത് നാട്ടുകാർക്ക് ആവേശമായി. ജോയിൻ്റ് കൗൺസിൽ വർക്കല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പനയറ പാടശേഖരത്തിലെ ഒരേക്കറോളം വരുന്ന തരിശു നിലത്തിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചത് വേറിട്ട കാഴ്ചയായി.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കിയ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി “നമ്മുടെ ആഹാരം നമ്മുടെ ആരോഗ്യം” എന്ന മുദ്രവാക്യവുമായി ചെമ്മരുതി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരുന്ന പനയറ പാടശേഖരത്തിൽ തരിശായി കിടന്ന ഒരു ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് കൃഷി ഇറക്കി മാതൃകയായത്. വിത്ത് ഇറക്കുന്നത് മുതൽ കൊയ്തെടുക്കൽ വരെയുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും ജീവനക്കാരുടെ നേതൃത്വത്തിലാണ് നടത്തുന്നത്. 120 ദിവസം കൊണ്ട് വിളയുന്ന “ഉമ” ഇനത്തിൽപ്പെട്ട ഞാറ് നട്ടു കൊണ്ട് ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ് സുഗൈദ കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. വർക്കല മേഖലാ കമ്മിറ്റി പ്രസിഡന്റ് കൃഷ്ണകുമാർ റ്റി.ജെ അധ്യക്ഷത വഹിച്ചു.
ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷ്ണൻ, ആർ.സരിത, നോർത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ജില്ലാ ജോയിന്റ് സെക്രട്ടറി വൈ. സുൽഫീക്കർ, വൈസ് പ്രസിഡൻറ് എ.ആർ അരുൺജിത്ത്, ജില്ലാ കമ്മിറ്റി അംഗം ചന്ദ്രബാബു, മേഖലാ കമ്മിറ്റി സെക്രട്ടറി ശ്യാംരാജ്.ജി, ചെമ്മരുതി കൃഷി ഓഫീസർ രോഷ്ന എസ്, മേഖലാ വനിതാ കമ്മറ്റി പ്രസിഡന്റ് മായ പി.വി, സെക്രട്ടറി ഉഷാകുമാരി കെ.വി എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ വർക്കല മേഖലാ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ ഞാറ് നടീൽ പ്രവർത്തനങ്ങളിൽ പങ്കാളികളായി.