കിളിമാനൂർ വാലഞ്ചേരി ഐരുമൂല ക്ഷേത്ര റോഡിൽ കുട്ടികളുമായി വന്ന സ്കൂൾ ബസ് പൈപ്പ് ലൈനെടുത്ത കുഴിയിൽ വീണ് താഴ്ന്നെങ്കിലും അതിരിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. കിളിമാനൂർ ഠൗൺ യു.പി. എസിലെ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡ് കുഴിച്ച് പൈപ്പ്ലൈൻ സ്ഥാപിച്ചെങ്കിലും കുഴി ശരിയായി മണ്ണിട്ട് മൂടി ഉറപ്പിക്കാത്തതിനാൽ പതിവായി അപകടങ്ങളുണ്ടാകുകയാണ്. അതിനാൽ സ്കൂൾ ബസുകൾ ഇപ്പോൾ ഇത് വഴി വരാൻ തയ്യാറാകാത്തത് സ്കൂൾ കുട്ടികൾക്ക് ബുദ്ധിമുട്ടാകുന്നു.
കുഴി മൂടി മണ്ണിട്ട് ഉറപ്പിച്ച് അപകടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വാലഞ്ചേരി റസിഡൻസ് അസോസിയേഷൻ കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയിട്ട് ദിവസങ്ങളായെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ നാട്ടുകാർ കുഴിയിൽ വാഴ വച്ച് പ്രതിഷേധിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ നിരവധി റോഡുകൾ ഇത്തരത്തിൽ വെട്ടിക്കുഴിച്ച് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ടെങ്കിലും അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് ആരോപണം.
പഞ്ചായത്ത് റോഡുകൾ സംരക്ഷിക്കേണ്ടത് ഗ്രാമപഞ്ചായത്തിൻ്റെയും കുഴിമൂടി പൂർവ്വ സ്ഥിതിയിലാക്കേണ്ടത് വാട്ടർ അതോറിറ്റിയുടെയും ഉത്തരവാദിത്തമാണ്. ആറ്റിങ്ങൽ വാട്ടർ അതോറിട്ടിയിലും പരാതി നൽകിയിട്ടുണ്ട്. പരിഹരാമുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.