ചിറയിൻകീഴ്: 2014ൽ അഴൂർ കോളിച്ചിറ സ്വദേശിയായ രാജേഷ് എന്നയാളെ വീട്ടിൽ കയറി ആക്രമിച്ചു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ആറ്റിപ്ര വില്ലേജിൽ കുളത്തൂർ ദേശത്ത് ലളിത ഭവനിൽ താമസിക്കുന്ന പച്ച അനീഷ് എന്ന് വിളിക്കുന്ന അനീഷ് (34)നെ ചിറയിൻകീഴ് പോലീസ് അറസ്റ്റു ചെയ്ത്. പ്രതിയുടെ മകളെ കോളിച്ചിറ സ്വദേശി രാജേഷിന്റെ സഹായത്തോടെയാണ് രാജേഷിന്റെ ഓട്ടോ ഡ്രൈവർ സ്നേഹിച്ചു വിളിച്ച് കൊണ്ടുപോയത് എന്നുള്ള വിരോധം കൊണ്ടാണ് രാജേഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് വിവരം.
പ്രതിക്കെതിരെ കഴക്കൂട്ടം, കഠിനംകുളം, തുമ്പ തുടങ്ങിയ പല പോലീസ് സ്റ്റേഷനിലും, അടിപിടി ഗുണ്ടാ പ്രവർത്തനം, വധശ്രമം തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ സജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ വിനീഷ്, സിപിഒ മാരായ ബൈജു, ശരത് സുൾഫി, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.