ചിറയിൻകീഴ്: ചിറയിൻകീഴിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചിറയിൻകീഴ് അടിക്കലം സ്വദേശി കൃഷ്ണപ്രസാദ്(28), എരുമക്കാവ് സ്വദേശി സംഗീത്(26) , നഗരൂർ സ്വദേശി വിഷ്ണുപ്രസാദ്(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് ആറ്റിങ്ങൽ യൂണിറ്റിലെ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആറ്റിങ്ങൽ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ചിറയിൻകീഴ് മംഗലാപുരം വഴി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോയ ബസ് കോളിച്ചിറ ജംഗ്ഷന് സമീപം വച്ച് പ്രതികൾ സഞ്ചരിച്ച KL.23.A.8686 നമ്പർ ഇന്നോവ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു കോളിച്ചിറ കാവിന്റെമൂല ക്ഷേത്ര ആർച്ചിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ വച്ച് പ്രതികൾ ഇന്നോവ കാർ കുറുകെയിട്ട് ബസ് തടയുകയായിരുന്നു. ബസ് ഡ്രൈവർ എസ് ജയകുമാറിനെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. കൂടാതെ കല്ലെടുത്ത് ബസിന്റെ വലതുവശത്തെ ടെയിൽ ലാംമ്പ് അടിച്ചു പൊട്ടിക്കുകയും ചെയ്തു.
ചിറയിൻകീഴ് സർക്കിൾ ഇൻസ്പെക്ടർ വിഎസ് വിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.