മംഗലപുരം : പഞ്ചായത്ത് വാങ്ങി നൽകിയ ഭൂമി ഭവന നിർമ്മാണയോഗ്യമല്ലാത്തതിനാൽ, ഒമ്പതു വർഷമായി ദുരിതമനുഭവിക്കുന്ന മംഗലപുരം സ്വദേശി ഷീലയുടെ കണ്ണുനീർ മായ്ച്ച് തദ്ദേശ അദാലത്ത്. മൂന്നു മാസത്തിനകം സബ്സിഡി മാനദണ്ഡങ്ങൾക്ക് വിധേയമായി പഞ്ചായത്ത് തുക വകയിരുത്തി ഭൂമി വാങ്ങി നൽകണമെന്ന് മന്ത്രി എം ബി രാജേഷ് ഉത്തരവിട്ടു.
ഷീല നിർദേശിക്കുന്ന ഭൂമിക്ക് മുൻഗണന നൽകണം. പരാതിക്കാരിക്ക് നേരിടേണ്ടിവന്നത് തികഞ്ഞ അനീതിയാണെന്നും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും മന്ത്രി നിരീക്ഷിച്ചു. അടുത്ത പഞ്ചായത്ത് യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി സബ്സിഡി ആനുകൂല്യം നൽകി ഭൂമി വാങ്ങി നൽകണമെന്ന് മന്ത്രി പഞ്ചായത്തിനു നിർദ്ദേശം നൽകി. പുതിയ ഭൂമി ലഭിക്കുമ്പോൾ, നിലവിൽ പഞ്ചായത്ത് നൽകിയ ഭൂമി തിരികെ കൈമാറണം. വാസയോഗ്യമല്ലാത്ത ഭൂമി പരാതിക്കാർക്ക് വാങ്ങി നൽകിയത് സംബന്ധിച്ച് തുടർ നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കും.
2015 – 16 വാർഷിക പദ്ധതിയിലുൾപ്പെടുത്തി മംഗലപുരം ഗ്രാമപഞ്ചായത്താണ് വാസയോഗ്യമല്ലാത്ത ഭൂമി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഷീലക്ക് കൈമാറിയത്. വാസയോഗ്യമല്ലാത്ത ഭൂമി നൽകി എന്നതായിരുന്നു പരാതി. സാമ്പത്തിക ബാധ്യതകളുള്ള വിധവയായ ഷീല കഴിഞ്ഞ ഒൻപതു വർഷമായി സ്വന്തമായി ഭൂമിക്ക് വേണ്ടി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പ്രശ്ന പരിഹാരമായില്ല. തുടർന്നാണ് മന്ത്രി എം ബി രാജേഷിന്റെ മുന്നിൽ തദ്ദേശ അദാലത്തിൽ പരാതിയുമായെത്തിയത്.
മക്കളുമായി സ്വന്തം ഭൂമിയിൽ ജീവിക്കാനുള്ള ആഗ്രഹമാണ് സംസ്ഥാന സർക്കാർ സാധിച്ചു തരുന്നതെന്ന് ഷീല പറഞ്ഞു. സ്വന്തം ഭൂമിയിൽ താമസിക്കാൻ കഴിയാതെ വാടകവീട്ടിൽ കഴിയേണ്ടി വന്ന തനിക്ക് ഏറ്റവും സന്തോഷം നൽകിയ തീരുമാനമാണിതെന്ന് മന്ത്രി എം ബി രാജേഷിൻ്റെ കൈകൾ ചേർത്തുപിടിച്ച് ഷീല വിതുമ്പി പറഞ്ഞു.