പള്ളിപ്പുറം : പള്ളിപ്പുറത്ത് ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ വിദ്യാർത്ഥി മുഖ്യമന്ത്രിക്ക് പരാതി നൽകി.ആറ്റിങ്ങൽ വലിയകുന്നിൽ താമസിക്കുന്ന പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി നവനീത് കൃഷ്ണ പി ആർ ആണ് മുഖ്യമന്ത്രി പിണറായി വിജയന് ആശുപത്രി കിടക്കയിൽ കിടന്നു കൊണ്ട് ഇമെയിൽ മുഖാന്തിരം പരാതി നൽകിയത്.
പരാതിയുടെ പൂർണ രൂപം ഇങ്ങനെ :
” ഞാൻ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് കോമേഴ്സ് വിഭാഗം വിദ്യാർത്ഥിയാണ് .കഴിഞ്ഞ തിങ്കളാഴ്ച ( സെപ്റ്റംബർ 2)ക്ലാസ്സ് കഴിഞ്ഞു ഞാനും സുഹൃത്തുക്കളും കെഎസ്ആർടിസിയുടെ വേണാട് ബസ്സിലാണ് തിരിച്ചു വീട്ടിലേക്ക് പോയത്. പോകുന്ന വഴിക്ക് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ മുൻവശം എത്തുമ്പോൾ ബസ്സ് ഗട്ടറിൽ വീണതിനെ തുടർന്ന് ബസിന്റെ പുറകുവശം നിൽക്കുകയായിരുന്ന ഞാൻ പെട്ടെന്ന് തെറിച്ചു വണ്ടിയുടെ ഗ്ലാസ്സിൽ ഇടിക്കുകയും ഗ്ലാസ് തകർന്നു ഞാൻ റോഡിൽ വീഴുകയും ചെയ്തു.പരുക്കുകളോടെ എന്നെ അനന്തപുരി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.
തെറിച്ച് വീണപ്പോൾ എന്റെ ശരീരത്തിന്റെ പലഭാഗത്തും കണ്ണാടി ചില്ലുകൾ തറച്ചു കയറുകയും അവയെല്ലാം സർജറിയിലൂടെ നീക്കം ചെയ്യുകയും ചെയ്തു. എന്റെ വലത് ഷോൾഡറിൽ പൊട്ടൽ ഉണ്ടാകയും അതിന്റെ ചികിത്സയിൽ ഞാൻ ഇപ്പോഴും ഹോസ്പിറ്റലിൽ കഴിയുകയുമാണ്.
മറ്റൊരു വിഷയം അങ്ങയുടെ ശ്രദ്ധയിൽ പെടുത്താനാണ് ഈ പരാതി.ഞാൻ സഞ്ചരിച്ചിരുന്ന ബസിന്റെ പുറകുവശത്തെ ഗ്ലാസ്സിന് സമീപം യാതൊരുവിധ സുരക്ഷാ കമ്പികളും സ്ഥാപിച്ചിരുന്നില്ല. അതുകൊണ്ടാണ് ഗട്ടറിൽ വീണപ്പോൾ തെറിച്ചു പോയ ഞാൻ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീണത്.. സുരക്ഷാ കമ്പികൾ ഉണ്ടായിരുന്നുവെങ്കിൽ വാഹനത്തിന് പുറത്തുപോയി വീണു എനിക്ക് പരിക്ക് പറ്റില്ലായിരുന്നു.ബസുകൾ യാത്ര ആരംഭിക്കും മുന്നേ സുരക്ഷ സംബന്ധിച്ച് ആവശ്യമായ പരിശോധനകൾ ജീവനക്കാർ നടത്തണം.
ഞാൻ സഞ്ചരിച്ച ബസിലെ ജീവനക്കാർ അപകടത്തിന് ശേഷം പരാതികൾ വന്നപ്പോൾ ആണ് ഈ വിഷയം ശ്രദ്ധിച്ചത്.. ബസിൽ തിരക്കുള്ള സമയത്തായിരുന്നെങ്കിൽ കൂടുതൽ യാത്രക്കാർ പുറത്തു വീണു കൂടുതൽ അപകടം ഉണ്ടായേനെ.
ദേശീയ പാതയുടെ അവസ്ഥയും വളരെ ദയനീയമാണ്..ഈ വിഷയങ്ങൾ പരിഹരിച്ചു വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻഅങ്ങയുടെ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു”
അതേ സമയം, വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ചു വീണ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്