സുതാര്യമായും വേഗത്തിലും ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്ന വിധം ആധുനികീകരണത്തിന്റെ പാതയിലാണ് രജിസ്ട്രേഷൻ വകുപ്പെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വർക്കല, ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾക്ക് സേവനം എളുപ്പം ലഭിക്കാൻ നിരവധി പരിഷ്കരണങ്ങളാണ് വകുപ്പിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സേവനങ്ങൾ ഓൺലൈനിലൂടെ ലളിതമായി ലഭ്യമാക്കി വരികയാണ്. വിവാഹ രജിസ്ട്രേഷന് ഓൺലൈൻ അപേക്ഷ, വീടുകളിൽ തന്നെ വിവാഹ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമാക്കി വരികയാണ്. റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് ആരംഭിക്കുന്ന എൻ്റെ ഭൂമി പോർട്ടൽ വഴി ഭൂമിയുടെ രജിസ്ട്രേഷൻ എളുപ്പമാകും. ഭൂമിയുടെ രജിസ്ട്രേഷൻ നടത്തുന്നതോടൊപ്പം തന്നെ സർവ്വേ സ്കെച്ച് കൂടി ഉൾപ്പെടുത്തി രേഖകൾ ലഭിക്കും എന്നതാണ് ഇതിൻ്റെ പ്രയോജനം. രേഖകൾ സംസ്ഥാനത്ത് എവിടെയും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
വർക്കലയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വി. ജോയ് എംഎൽഎയും ചിറയിൻകീഴ് വി. ശശി എംഎൽഎയും അധ്യക്ഷന്മാരായി. വിവിധ തദ്ദേശഭരണ പ്രതിനിധികൾ, രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.