പോത്തൻകോട് : കാണികള്‍ക്ക് കാഴ്ചയുടെ പുതുവസന്തമൊരുക്കി അനന്തപുരിയുടെ സ്വന്തം കാർണിവലിന് പോത്തൻകോട് ശാന്തിഗിരിയിൽ നാളെ ( ഒക്ടോബർ 2 ബുധനാഴ്ച ) തുടക്കമാകും. ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന്റെ വിളംബരം വൈകിട്ട് 5 ന് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും . ഒക്ടോബർ 9 ബുധനാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാരംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും.
മൂന്നാം പതിപ്പില്‍ ഒട്ടേറെ പുതുമകളാണ് ഒരുക്കിയിരിക്കുന്നത്. ശാന്തിഗിരി ആശ്രമത്തിന്റെ റിസർച്ച് സോണിൽ അതിവിശാലമായ ജലസംഭരണിയ്ക്ക് ചുറ്റുമാണ് ഇത്തവണത്തെ കാർണിവൽ . പ്രകാശവിന്യാസം കൊണ്ടുളള വർണ്ണകാഴ്ചകളും പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഹാപ്പിനസ് പാർക്കും താഴ്വാരത്തെ വാട്ടർ ഫൗണ്ടെയ്നുനും ഫെസ്റ്റ് നഗരിയുടെ മുഖ്യ ആകർഷണമാകും. ആശ്രമത്തിന്റെ പുതുനിറങ്ങളിൽ തീർത്ത പ്രവേശനകവാടത്തോട് ചേർന്ന് നക്ഷത്രവനവും നാടൻ പശുക്കളുടെ ഗോശാലയും ഒരുക്കിയിട്ടുണ്ട്. പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുതുമകൾ നിറഞ്ഞ അമ്യൂസ്മെന്റ് പാർക്ക് വിനോദങ്ങൾക്കുള്ള വേദിയാകും.
പ്രദർശന – വ്യാപാരമേളകൾക്ക് പുറമെ ശാസ്ത്രസാങ്കേതിക വിദ്യകളിലെ പുരോഗതി വിളിച്ചോതുന്ന റോബോട്ടിക് അനിമൽ ഷോ, 13,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഫ്ലവർ ഷോ, വ്യത്യസ്തതകൾ നിറഞ്ഞ പെറ്റ് ഷോ, അക്വാ ഷോ, കടന്നുപോകുന്ന വഴിയിലുടനീളം ഉദ്വേഗം നിറഞ്ഞുനിൽക്കുന്ന ഗോസ്റ്റ് ഹൗസ്, വിസ്‌മയം ത്രീഡി ഷോ, കുട്ടികൾക്കുളള വിനോദപരിപാടികൾ, കാർഷിക വിപണന മേളകൾ, നക്ഷത്രവനം, പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശം ഉൾക്കൊളളുന്ന വ്യൂ പോയിന്റ് , ഭാരതീയ ചികിത്സ വിഭാഗങ്ങൾ ഉൾക്കൊളളുന്ന ഹെൽത്ത് കോർണർ, വെൽനസ്സ് സെന്റർ എന്നിവ തയ്യാറായികഴിഞ്ഞു.
രുചിവൈവിദ്ധ്യങ്ങൾ നിറയുന്ന വെജിറ്റേറിയൻ ഫുഡ് ഫെസ്റ്റിവലാണ് മറ്റൊരാകർഷണം. കേരളത്തിന്റെ തനതു വിഭവങ്ങളും കൊതിയൂറുന്ന നോർത്ത് ഇന്ത്യൻ രുചിക്കൂട്ടുകളും ഫുഡ് ഫെസ്റ്റിലുണ്ടാകും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും വിവിധ സേനാവിഭാഗങ്ങളുടെ സ്റ്റാളുകളും ഫെസ്റ്റിലുണ്ടാകും.
ഫെസ്റ്റിനോട് അനുബന്ധിച്ച് കല, കായിക അക്കാദമിക് അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി എക്സ്പോയും ഒരുക്കിയിട്ടുണ്ട് . വിദ്യാർത്ഥികൾക്ക് വിവിധങ്ങളായ തൊഴിൽ, ഉപരിപഠന മേഖലകൾ പരിചയപ്പെടുത്തുക, അവരുടെ കഴിവിനും പ്രാപ്തിക്കും അനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാൻ സഹായകരമാവും വിധമാണ് എക്സ്പോ സംഘടിപ്പിച്ചിട്ടുളളത് . ജില്ലയിലെ മുന്നൂറോളം സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ, നെറ്റ് ബോൾ, മ്യൂസിക് ബാൻഡ്, ചിത്രരചന, ക്വിസ്, ഫോട്ടോഗ്രാഫി, ട്രഷർ ഹണ്ട്, ഗ്രൂപ്പ് ഡാൻസ് എന്നിങ്ങനെ വിവിധയിനങ്ങളിൽ ഇന്റർ സ്കൂൾ മത്സരങ്ങൾ നടക്കും.
അയ്യായിരത്തിലധികം പേരെ ഉൾക്കൊളളുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പൂർത്തിയായി. എൺപതടി നീളത്തിലും അറുപതടി വീതിയിലും ഒൻപതടി ഉയരത്തിലുമാണ് വേദി. അയ്യായിരം സ്ക്വയർഫീറ്റ് വിസ്തൃതിയുളള വേദിയുടെ പിന്നിൽ എൽ ഇ.ഡി ഭിത്തികൾ ദൃശ്യവിസ്മയം തീർക്കും. പ്രമുഖ പത്ര- ദൃശ്യ മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന മെഗാഷോകളും വിശ്വസംസ്ക്രൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കലാകാരൻമാരെ ഉൾപ്പെടുത്തി നടത്തുന്ന കലാജ്ഞലിയും നൃത്തനൃത്യങ്ങളും ഈ വേദിയിലാകും അരങ്ങേറുക . ഫെസ്റ്റിൽ എത്തുന്നവർക്ക് ആശ്രമത്തിന്റെ സ്പിരിച്വൽ സോൺ, താമരപ്പർണ്ണശാലയിലെ ലൈറ്റ്& സൗണ്ട് ഷോ, ഗുരുവിന്റെ ഉദ്യാനം എന്നിവ കാണാനും അവസരമൊരുക്കിയിട്ടുണ്ട്.
2010 ലും 2012 ലും നടന്ന ഫെസ്റ്റിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പത് ലക്ഷത്തിലധികം പേരാണ് സന്ദർശകരായി എത്തിയത്. ഫെസ്റ്റിനെക്കുറിച്ച് അറിഞ്ഞതോടെ ദിവസവും ആയിരകണക്കിനാളുകളാണ് ശാന്തിഗിരിയിലേക്ക് ഒഴുകിയെത്തുന്നത്. അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 10 മണി വരെയും പ്രവര്‍ത്തിദിനങ്ങളില്‍ വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണി വരെയുമാകും പ്രവേശനം.