മു​ത​ല​പ്പൊ​ഴി​യി​ൽ പു​ലി​മു​ട്ട് പുനർനിർമ്മിക്കുന്നു

download (1) (2)

ചി​റ​യി​ൻ​കീ​ഴ്: മുതലപ്പൊഴിയിലെ തെക്കുഭാഗത്തെ പുലിമുട്ട് നിർമാണം ആരംഭിച്ചു. മൂന്ന് ഘട്ടമായാണ് നിർമാണം. 10 മുതൽ 200 കിലോ വരെയുള്ള കല്ലുകൾ അടിഭാഗത്ത് നിക്ഷേപിക്കുന്ന പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടന്നുവരുന്നത്. ഇത്‌ 60 മീറ്ററിലധികം പൂർത്തിയായി. രണ്ടാംഘട്ടത്തിൽ 200 മുതൽ 400 കിലോ വരെയുള്ള കല്ലുകൾ നിക്ഷേപിക്കും. 3000 മുതൽ 5000 കിലോ വരെയുള്ള കല്ലുകളാണ് അവസാന ഘട്ടത്തിൽ അടുക്കുക.

2018ൽ വിഴിഞ്ഞം തുറമുഖ നിർമാണത്തിലേക്കാവശ്യമായ കല്ലുകൾ വലിയ ബാർജിലൂടെ കൊണ്ടുപോകാനായി വാർഫ് നിർമിക്കുന്നതിനായാണ് 600 മീറ്റർ നീളമുള്ള പുലിമുട്ടിന്റെ 170 മീറ്റർ അദാനി തുറമുഖ കമ്പനി പൊളിച്ചത്.

ബാർജ് അടുപ്പിക്കുന്നതിനായി കമ്പനി അഴിമുഖചാനലിൽ ഡ്രഡ്ജിങ് നടത്തി ആഴംകൂട്ടിയിരുന്നു. പാറകൊണ്ടുപോകുന്നത് അവസാനിപ്പിച്ചതോടെ ഡ്രഡ്ജിങ്ങും നിലച്ചു. വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാകുമ്പോൾ പുലിമുട്ട് പുനർനിർമിക്കുമെന്ന്‌ സർക്കാരുമായി അദാനികമ്പനി കരാറിലേർപ്പെട്ടിരുന്നെങ്കിലും കമ്പനിയുടെ അനാസ്ഥ പുലിമുട്ട് പൂർവസ്ഥിതിയിലാക്കൽ അനിശ്ചിതമായി നീണ്ടു.

പുലിമുട്ട് പൊളിച്ചതോടെ കായലിൽനിന്ന് കടലിലേക്കൊഴുകിവരുന്ന മണ്ണ് വാർഫിനോട് ചേർന്നടിഞ്ഞ് സഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു.  വ്യാപകമായി മണ്ണടിഞ്ഞ് ചാനലിൽ ആഴം കുറയുന്നതും അപകടങ്ങളുടെ വ്യാപ്തി കൂട്ടി. ഈ ഭാഗത്ത് പുലിമുട്ട് പുനർനിർമിക്കണമെന്നത് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.  അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളികൾ മരിക്കുകയും തുടർച്ചയായ അപകടങ്ങളുടെയും പശ്ചാത്തലത്തിൽ മന്ത്രി സജി ചെറിയാൻ പുലിമുട്ട്  പൂർവസ്ഥിതിയിലാക്കാൻ അദാനി കമ്പനിക്ക്‌ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്.

തെക്കുഭാഗത്തെ പുലിമുട്ട് വടക്ക് ഭാഗത്തേതിനേക്കാൾ നീളം കൂടുതലായതിനാൽ പുലിമുട്ട് പൂർവസ്ഥിതിയിലാകുന്നതോടെ വിനോദ സഞ്ചാരികൾക്കും സഹായമാകും.  പുലിമുട്ട് പുനർനിർമാണത്തിന് അദാനി കമ്പനി സബ് കോൺട്രാക്ടാണ് നൽകിയിരിക്കുന്നത്. രണ്ടുമാസംകൊണ്ട്  നിർമാണം പൂർത്തീകരിക്കാനാകുമെന്നാണ് നിഗമനം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!