തൊളിക്കോട് : തൊളിക്കോട് പഞ്ചായത്ത് നിവാസികൾ കുരങ്ങൻമാരുടെ ശല്യം മൂലം പൊറുതിമുട്ടുവാൻ തുടങ്ങിയിട്ട് മാസങ്ങളേറയായി. തൊളിക്കോട് പഞ്ചായത്തിലെ മണലയം, കന്നുകാലിവനം, തോട്ടുമുക്ക്, ആനപ്പെട്ടി, നാഗര, പൊൻപാറ, ഇരുത്തലമൂല, ചാരുപാറ, പേരയത്തുപാറ, ചായം മേഖലകളിലാണ് വാനരൻമാർ ജനത്തിന് ഭീഷണിയായി വിലസുന്നത്. കൂട്ടമായെത്തുന്ന കുരങ്ങൻമാർ കാട്ടുന്ന വിക്രീയകൾ വിവരണാതീതമാണ്. ഉപജീവനത്തിനായി കൃഷി ഇറക്കിയിരിക്കുന്ന വിളകൾ മുഴുവൻ നശിപ്പിക്കും. തെങ്ങുകളിൽ കയറി കരിക്ക് അടർത്തിയിടും. വീടുകളിൽ അതിക്രമിച്ച് കയറി ഭക്ഷണപദാർത്ഥങ്ങൾ മോഷ്ടിച്ച് തിന്നും. ഒാടുകൾ പൊളിച്ച് താഴെയിടും ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങൾ മുഴുവൻ കീറി നശിപ്പിക്കും. കുരങ്ങൻമാരെ ഒാടിക്കുവാൻ ശ്രമിച്ചാൽ ഫലം രൂക്ഷമാകും. കല്ലുകൾ പെറുക്കി തിരിച്ചെറിയും, ആക്രമിക്കും. വാനരശല്യം രൂക്ഷമായതായി ചൂണ്ടിക്കാട്ടി നാട്ടുകാർ നിരവധി തവണ വനംവകുപ്പിനും പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. കുരങ്ങൻമാരെ കരുതി കൃഷി ഇറക്കുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിലെന്നാണ് കർഷകരുടെ പരാതി. തൊളിക്കോട് മേഖലയിലെ റബർതോട്ടങ്ങളിലാണ് കുരങ്ങൻമാരുടെ വാസം. റബർമരങ്ങളുടെ പട്ട വരെ നശിപ്പിക്കുന്നതായും പരാതിയുണ്ട്. വനത്തിൽ ഭക്ഷണത്തിന് ക്ഷാമം നേരിട്ടതുമൂലമാണ് കുരങ്ങൻമാർ നാട്ടിൽ ചേക്കേറിയതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വാനരൻമാർ വിതച്ചത്. തൊളിക്കോട് പഞ്ചായത്തിന് പുറമേ വിതുര പഞ്ചായത്തിലെ ചില മേഖലകളിലും കുരങ്ങൻമാരുടെ ശല്യം വർദ്ധിച്ചതായും പരാതിയുണ്ട്. പൊൻമുടി-കല്ലാർ റോഡരികിൽ പകൽ സമയത്തുപോലും കുരങ്ങൻമാർ തമ്പടിച്ചിരിക്കുന്നത് കാണാം.