ആറ്റിങ്ങൽ: ദേശീയ പാതയിൽ ആറ്റിങ്ങൽ പൂവമ്പാറ പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കര സ്വദേശി ഉദയൻ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. പൂവൻപാറ പാലത്തിനു സമീപം പുളിമൂട് ജംഗ്ഷനിലാണ് അപകടം. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ ഉദയനും ഭാര്യയും സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന ആൾട്ടോ കാറുമാണ് കൂട്ടി ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉദയൻ മരണപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു .