അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് സംസ്ഥാന ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പദവി ലഭിച്ചു. പരിസ്ഥിതി സംരക്ഷണം കാര്യക്ഷമമായി നടപ്പിലാക്കുന്ന സ്‌കൂളുകളുടെ വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുന്നതിന് ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് ശുചിത്വം, മാലിന്യസംസ്കരണം, ഊർജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് എ പ്ലസ് ഗ്രേഡ് ലഭിച്ചത്. പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജനത്തിന് വ്യത്യസ്തമായ മാതൃക സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച് സ്കൂൾ ശ്രദ്ധ നേടിയിരുന്നു. ആറ്റിങ്ങൽ നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൻ അഡ്വ. എസ്. കുമാരി സ്കൂൾ പ്രതിനിധിയും നോഡൽ ഓഫിസറുമായ എൻ. സാബുവിന് സർട്ടിഫിക്കറ്റ് കൈമാറി. നഗരസഭ വൈസ് ചെയർമാൻ ജി. തുളസിധരൻ പിള്ള, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു, കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
