കിളിമാനൂർ : ഉത്സപറമ്പിൽ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിൽ എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്ക്. പൊലീസ് വാഹനവും അക്രമികൾ കേടുപാടുകൾ വരുത്തി.സംഭവത്തിൽ നാലു പേരെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടുമ്പുറം സ്വദേശികളായ അൽമുബീൻ (27), സുബീഷ് (34), സുബിൻ (27), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്.
ഞായർ രാത്രി 10ഓടെ കാട്ടുംപുറം, കരിക്കകം ശ്രീപഞ്ചമുഖമാടൻ തമ്പുരാൻ ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിലെ ഗാനമേളക്കിടെ യുവാക്കൾ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായി. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കിളിമാനൂർ എസ്.ഐ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അക്രമം തടയാൻ ശ്രമിച്ചു. ഇതിനിടെ അക്രമി സംഘത്തിലെ പത്തോളം പേർ ചേർന്ന് പൊലീസിനെ ആക്രമിക്കുകയും മരക്കഷണം ഉപയോഗിച്ച് പൊലീസ് ജീപ്പിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. വിവരമറിഞ്ഞ് കൂടുതൽ പൊലീസെത്തി അക്രമണം നിയന്ത്രണ വിധേയമാക്കി. അക്രമി സംഘത്തിൽ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരേ കേസെടുക്കുകയും ഇതിൽ മുഖ്യ പ്രതികളായ നാലുപേരെ പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു