നിയന്ത്രണം വിട്ട ആംബുലൻസ് ഓട്ടോയിലും , തുടർന്ന് ഓട്ടോ ബൈക്കിലും ഇടിച്ച് ഒരാൾ മരിച്ചു, 5 പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ പരപ്പിൽ സ്വദേശി സന്തോഷ് (48)ആണ് മരിച്ചത്. സന്തോഷിന്റെ ഭാര്യ അഖില ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന കോമളകുമാരി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റുള്ളവർക്ക് നിസാരമായ പരിക്കാണുള്ളത്. സന്തോഷ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കഴിഞ്ഞ 8ന് രാത്രി 7.30ഓടെ ചെമ്പൂർ എൽ.പി സ്കൂളിന് സമീപത്തുവച്ചായിരുന്നു അപകടം. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്ന് രോഗിയെ കൊണ്ടുവരുന്നതിനായി അമിതവേഗത്തിലെത്തിയ ആംബുലൻസ്, സ്കൂളിന് സമീപത്തെ ഹംപിൽ കയറിയതോടെ നിയന്ത്രണം വിട്ട് എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഓട്ടോ നിയന്ത്രം വിട്ട് ബൈക്കിലെത്തിയ സന്തോഷിനെയും ഭാര്യയെയും ഇടിച്ചുതെറുപ്പിച്ചു. ഇതിനിടെ ആംബുലൻസ് സമീപത്തെ മതിലിൽ ഇടിച്ച് നിന്നു. വലിയ കുന്നിലെ വർക്ക്ഷോപ്പ് അസോസിയേഷന്റെതാണ് അപകടത്തിൽ പെട്ട ആംബുലൻസ്. ഉടൻ തന്നെ പരിക്കേറ്റവരെ വിവിധ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ പെട്ട ആംബുലൻസിന് ഇൻഷ്വറൻസില്ലെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. ആംബുലൻസ് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി