വർക്കല : കർക്കടക വാവ് ബലിയോട് അനുബന്ധിച്ച് കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവീസിൽ ടിക്കറ്റിന് കൂടുതൽ പൈസ ഈടാക്കുന്നതായി യാത്രക്കാർ. വർക്കലയിൽ ബലിയിടാൻ പോയ യാത്രക്കാരാണ് വെട്ടിലായത്. സാധാരണ ഗതിയിൽ വടശ്ശേരിക്കോണം മുതൽ വർക്കല ക്ഷേത്രം വരെ കെഎസ്ആർടിസി ബസ്സിൽ 10 രൂപ ഈടാക്കുമ്പോൾ ഇന്ന് സ്പെഷ്യൽ സർവീസിന്റെ പേരിൽ 13 രൂപ ടിക്കറ്റ് നൽകുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. സാധാരണക്കാർക്കായി കെഎസ്ആർടിസി ബസ് ബലിതർപ്പണത്തിന് കൂടുതൽ സർവീസ് നടത്തുന്നു എന്നതിൽ സന്തോഷം തോന്നിയ യാത്രക്കാർക്ക് ഇപ്പോൾ നിരാശയാണെന്നും യാത്രക്കാർ പറയുന്നു. ബസ്സിൽ കയറി ടിക്കറ്റിന് പണം കൊടുക്കുമ്പോഴാണ് ടിക്കറ്റ് ചാർജ് കൂടുതലാണെന്ന വിവരം അറിയുന്നത്. ബസ്സിൽ വൻ തിരക്കായതിനാൽ ഇറങ്ങിപ്പോകാനോ കൂടുതൽ തർക്കിക്കാനോ കഴിയാതെ ആ പൈസ തന്നെ കൊടുത്ത് യാത്ര ചെയ്യാതെ നിവൃത്തിയില്ലെന്നും യാത്രക്കാർ ആക്ഷേപിക്കുന്നു. വിശദമായ മുന്നറിയിപ്പിൽ കൂടി എഴുന്നൂറോളം സർവീസ് കെഎസ്ആർടിസി നടത്തുന്നു എന്ന് പൊതുജനങ്ങൾക്ക് അറിയിപ്പു നൽകിയതോടൊപ്പം എന്തുകൊണ്ട് ടിക്കറ്റ് ചാർജ് കൂടുതലാണെന്ന വിവരം അറിയിച്ചില്ല എന്നും, ഇത് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നും യാത്രക്കാരൻ പറയുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ അന്വേഷിച്ചപ്പോൾ സാധാരണഗതിയിൽ വർക്കല ക്ഷേത്രം -വടശ്ശേരിക്കോണം 10 രൂപ ടിക്കറ്റ് ആണെന്നും ഇന്ന് സ്പെഷ്യൽ സർവീസിന് 25 ശതമാനം കൂടുതലാണെന്നും അങ്ങനെ ഉത്തരവ് ഉണ്ടെന്നും ഡിപ്പോയിൽ നിന്ന് അറിയിച്ചു.