കണിയാപുരത്തെ വീട്ടിലും ക്ഷേത്രത്തിലും കവർച്ച നടത്തി സ്വർണവും പണവും മോഷ്ടിച്ചതായി പരാതി. കണിയാപുരം കോണത്ത് കേദാരം വീട്ടിൽ മധുസൂദനൻ നായരുടെ വീടിന്റെ വാതിൽ പൊളിച്ചായിരുന്നു കവർച്ച.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവനോളം വരുന്ന ആഭരണങ്ങളും ഭാര്യയുടെ ശസ്ത്രക്രിയയ്ക്കായി സൂക്ഷിച്ചിരുന്ന 35,000 രൂപയുമാണ് മോഷ്ടിച്ചത്. മധുസൂദനൻ നായരും ഭാര്യയും ഞായറാഴ്ച മകന്റെ വീട്ടിൽ പോയിരുന്നതിനാൽ വീട്ടിൽ ആരുമില്ലായിരുന്നു. രാത്രിയിൽ ശബ്ദം കേട്ട് അയൽക്കാരാണ് വീട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്.
പൊലീസെത്തിപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപെട്ടു.ഇവിടെ നിന്നും അധികം ദൂരത്തല്ലാത്ത കണ്ടൽ ഭഗവതി ക്ഷേത്രത്തിലും മോഷണം നടത്തിയതായി പരാതി. ക്ഷേത്രം ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചി കവർന്നു. ഒരു മാസത്തെ വരുമാനമാണ് കാണിക്കയിലുണ്ടായിരുന്നത്. മംഗലപുരം പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
 
								 
															 
								 
								 
															 
															 
				

