കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദിച്ചെന്ന് പരാതി. പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ചെന്നാണ് പരാതി. രക്ഷിതാക്കൾ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകി. മർദനമേറ്റ വിദ്യാർത്ഥി സ്‌കൂളിൽ പുതുതായി ചേർന്നത് ജൂലൈ 20നാണ്.
തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്നുള്ള മർദനമെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്തെന്ന് പരാതിയിലുണ്ട്. മർദിച്ച വിദ്യാർത്ഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും മർദനമേറ്റ വിദ്യാർത്ഥിക്ക് ചികിത്സാ സഹായം നൽകിയില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.