ദേശീയപാതയിൽ കല്ലമ്പലം തോട്ടയ്ക്കാട് പാലത്തിനു സമീപം വാഹനാപകടം. സ്ത്രീ മരണപ്പെട്ടു.
കാർ യു ടേൺ എടുക്കുന്നതിനിടയിൽ പിറകിൽ നിന്ന് വന്ന തമിഴ്നാട് രജിസ്ട്രേഷൻ ഡെലിവറി വാൻ കാറിന്റെ വലത് ഭാഗത്തു ഇടിക്കുകയായിരുന്നു . കാറിൽ ഉണ്ടായിരുന്ന തോട്ടയ്ക്കാടിനു സമീപം എസ്.എസ്. കൽപ്പേരിയിൽ അനീഷിന്റെ ഭാര്യ മീന (41) യാണ് മരിച്ചത്. കെ.ടി.സി.ടി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ അഭിമന്യുവിനെ ട്യൂഷൻ സെന്ററിൽ എത്തിക്കാൻ പോകുന്ന വഴിയിലായിരുന്നു അപകടം.
കൊല്ലം ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്ന കാറ് തോട്ടയ്ക്കാട് പാലത്തിന് സമീപം വലത് വശത്തേക്ക് തിരിയുന്നതിനിടെയാണ്, പിന്നിൽ നിന്ന് അതേ ദിശയിൽ വന്ന തമിഴ്നാട് രജിസ്ട്രേഷൻ ഡെലിവറി വാൻ കാറിന്റെ വലത് വശത്ത് ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ മീനയെ നാട്ടുകാർ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ആരോഗ്യനില ഗുരുതരമായതിനാൽ പാരിപ്പള്ളി ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ഇവർക്ക് 9 വയസ്സുള്ള ഒരു മകൾ കൂടി ഉണ്ട്.
മൃതദേഹം പാരിപ്പള്ളി ഗവ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.കല്ലമ്പലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.