പൂവച്ചൽ പഞ്ചായത്തിലെ വീരണകാവ് ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിക്കും. കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നുമാണ് തുക അനുവദിക്കുന്നത്.
പൊതുവിദ്യാഭ്യാസ രംഗമാകെ മാറുന്ന സാഹചര്യമാണ് ഈ സർക്കാരിന്റെ കാലത്ത് കാണാൻ സഹിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അരുവിക്കര മണ്ഡലത്തിൽ 26 സ്കൂളുകളിലാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ 9 വർഷത്തിൽ 10 ലക്ഷത്തിധികം പുതിയ വിദ്യാർത്ഥികൾ സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടി. പശ്ചാത്തല സൗകര്യ വികസനത്തിനൊപ്പം കുട്ടികളുടെ പഠനഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീരണകാവ് സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം രാധിക ടീച്ചർ, പിബ്ല്യൂഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു.ജി.ആർ തുടങ്ങിയവർ പങ്കെടുത്തു.